ഷാഫിയുടെ വൈകൃതത്തിന് ഇരയായതിലേറെയും ലൈംഗിക തൊഴിലാളികൾ; ചികിത്സ അത്യാവശ്യമാണെന്ന് പൊലീസ് റിപ്പോർട്ട്

കോലഞ്ചേരി (എറണാകുളം): ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയായവരിൽ അധികവും ലൈംഗിക തൊഴിലാളികൾ. 2020ൽ കോലഞ്ചേരി പാങ്കോട് 74കാരിയെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിന്റെ അന്വേഷണത്തിലാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇയാളുടെ മാനസിക വൈകൃതത്തിന് ചികിത്സ അത്യാവശ്യമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

50 വയസിന് മുകളിലുള്ള സ്ത്രീകളെയാണ് ഇയാൾ ലൈംഗീക വൈകൃതത്തിനും പീഡനത്തിനും ഇരയാക്കിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഇയാളുടെ ഇരകൾ ഭൂരിഭാഗവും ലൈംഗിക തൊഴിലാളികളായിരുന്നതിനാൽ ഇതു സംബന്ധിച്ച് പരാതി ഉയർന്നിരുന്നില്ല.

കോലഞ്ചേരി പാങ്കോട് സംഭവത്തിൽ മുഖ്യ പ്രതിയായിരുന്ന മുഹമ്മദ് ഷാഫി ഇരയെ പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്നയാളാണെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകിയ പുത്തൻകുരിശ് എസ്.എച്ച്.ഒ. സാജൻ സേവ്യർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിരുന്നു. വൃദ്ധയെ പീഡിപ്പിച്ച സംഭവത്തിലാണ് ആദ്യമായി പരാതി ഉയർന്നത്. എന്നാൽ ഈ കേസിൽ അഞ്ച് മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ വീണ്ടും പഴയപടി ആവുകയായിരുന്നു.

ഇടക്ക് ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരളത്തിന് പുറത്ത് നിന്ന് ഇയാൾ കഞ്ചാവ് കടത്തുന്നതായ വിവരവും ലഭിച്ചിരുന്നു. ഇതേ സമയം പാങ്കോട് പീഡനകേസിൽ ഇയാളുടെ കൂട്ട് പ്രതിയായ ഓമന ഇയാൾ സിദ്ധനാണെന്ന പേരിലാണ് തന്നെ പരിചയപ്പെട്ടതെന്ന് പോലീസിന് മൊഴി നൽകിയിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഓമനയുമായി ഇയാൾക്ക് ദീർഘകാല പരിചയമുണ്ടന്നും ഇവരുടെ വീട്ടിൽ ഷാഫിക്ക് അനാശാസ്യത്തിന് സൗകര്യമേർപ്പെടുത്തി നൽകിയിരുന്നെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ഇലന്തൂരിൽ മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരകൃത്യമാണ് ഷാഫി അടക്കമുള്ള പ്രതികള്‍ നടത്തിയത്. റോസ്‍ലിന്‍റെ മാറിടം ഭഗവൽസിങ് മുറിച്ച് മാറ്റിയതായി റിമാൻഡ് റിപ്പോർട്ടിൽപറയുന്നു. കൈകാലുകൾ കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകി ജീവനോടെ സ്വകാര്യ ഭാഗത്ത് മൂന്നാം പ്രതി കത്തി കുത്തിയിറക്കിയതായും ശേഷം കഴുത്തറുക്കുകയായിരുന്നുവത്രെ. രണ്ടാം പ്രതി റോസ്‍ലിന്‍റെ സ്വകാര്യ ഭാഗവും മാറിടവും മുറിച്ചുമാറ്റി. മൃതദേഹം കഷണങ്ങളാക്കി ബക്കറ്റിൽ വീടിന്‍റെ കിഴക്ക് വശത്തെ കുഴിയിലിട്ടു. സമാനമായ രീതിയിൽ പത്മയെയും കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ 56 കഷണങ്ങളാക്കി ബക്കറ്റുകളിലാക്കിയാണ് കുഴിച്ചിട്ടത്. സ്ത്രീകളെ ഇലന്തൂരിൽ എത്തിക്കുമ്പോൾ പ്രതി ഷാഫി ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. 

Tags:    
News Summary - Elanthur human sacrifice: Most of the victims of Shafi were sex workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.