തൃശൂർ: മാതാവിനൊപ്പം കിടന്നുറങ്ങുന്നതിനിടെ തൃശൂർ കോടാലിയിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. കോടാലി കാവുങ്ങൽ സിൽജോ-ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ ആണ് മരിച്ചത്. മൂത്ത സഹോദരൻ അനോജിനും കടിയേറ്റെന്ന് സംശയിക്കുന്നു.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കടമ്പോട് എ.എൽ.പി സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയാണ് മരിച്ച ആൽജോ. ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടർന്നാണ് ആൽജോയെ ആശുപത്രിയിൽ കൊണ്ടുന്നത്. പുലർച്ചയോടെ അബോധാവസ്ഥയിലായെന്നും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെന്നും മാതാവ് പറഞ്ഞു. പുലർച്ചെ 5.30 ഓടെയാണ് മാതാവ് കുട്ടികളെ അവശനിലയിൽ കണ്ടത്. ഉടനെ ബൈക്കിൽ രണ്ട് കുട്ടികളുമായി സമീപത്തെ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോ മരിച്ചിരുന്നു.
കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടികൾ കിടന്നിരുന്ന കിടക്കയിൽ തലയിണയുടെ അടിയിൽനിന്നാണ് പാമ്പിനെ കണ്ടെത്തിയത്. വിശദ പരിശോധനയിൽ കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളം കണ്ടെത്തി. വെള്ളിക്കെട്ടൻ ഇനത്തിൽ പെടുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. മരിച്ച കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലെ കൂടുതൽ കാര്യങ്ങൾ ലഭ്യമാകൂ.
പുലർച്ചെ രണ്ടോടെ വയറുവേദനയെന്ന് പറഞ്ഞ് രണ്ട് കുട്ടികളും ഉണർന്നിരുന്നു. തുടർന്ന് ചൂടുവെള്ളം തിളപ്പിച്ച് കൊടുത്തു. തലേന്ന് പുറത്തുപോകുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയെന്ന് ആദ്യം സംശയിക്കാൻ കാരണം. ആൽജോയ്ക്കും അനോജിനും ഒരു സഹോദരി കൂടിയുണ്ട്. കഴിഞ്ഞ ദിവസം മൂവരും മാതാവിനൊപ്പം ഒരു ബന്ധുവീട്ടിൽ പോയിരുന്നു. തുടർന്ന് സഹോദരി അവിടെ നിൽക്കുകയും ആൽജോയും അനോജും അമ്മക്കൊപ്പം തിരികെ വീട്ടിലേക്കു വരുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.