പി. മുജീബ്റഹ്മാൻ
കോഴിക്കോട്: നിർഭയത്വമുള്ള ലോകത്തിനും വിശ്വസാഹോദര്യത്തിനും വേണ്ടി ജീവിതം സമർപ്പിച്ച പ്രവാചകനാണ് ഇബ്രാഹീമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബ് റഹ്മാന്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. ഭീതിപടരുന്ന സമകാലിക സാഹചര്യത്തിൽ ബലിപെരുന്നാളിന്റെ സന്ദേശം ഏറെ പ്രസക്തമാണ്. മനുഷ്യരെ അടിമകളാക്കുന്ന ഏകാധിപത്യ, സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ രംഗത്തുവന്ന ഇബ്രാഹീം പ്രവാചകന്റെയും കുടുംബത്തിന്റെയും ചരിത്രപാഠങ്ങളാണ് ബലിപെരുന്നാളിന്റെ ആത്മാവ്.
വ്യക്തി, സാമൂഹികജീവിതത്തെ കലുഷമാക്കുന്ന എല്ലാ ഭൗതിക വിധേയത്വങ്ങളെയും ബലിനല്‍കാനും നിരാകരിക്കാനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ജീവിതം പഠിപ്പിക്കുന്നു. ദൈവഹിതത്തിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തലാണ് അന്തിമ വിജയത്തിന്റെ മാര്‍ഗം. ദേശ, ഭാഷ, മത, ജാതി, ലിംഗ ഭേദങ്ങള്‍ക്കതീതമായി എല്ലാ മനുഷ്യരുടെയും സുഭിക്ഷതയും കുടുംബത്തിന്റെയും വരുംതലമുറയുടെയും ധാര്‍മികാഭിനിവേശവും ഉറപ്പുവരുത്തുന്നതിനായി പ്രയത്‌നിക്കുകയും ദൈവത്തോട് പ്രാര്‍ഥിക്കുകയും ചെയ്ത ആ ജീവിതം സമകാലികലോകത്തിന് വലിയ സന്ദേശമാണ് നല്‍കുന്നത്.
എല്ലാവര്‍ക്കും സന്തോഷപ്പെരുന്നാള്‍ ആശംസിച്ച അമീര്‍ പരസ്പരസ്‌നേഹവും മൈത്രിയും വളര്‍ത്താനുള്ള സന്ദര്‍ഭങ്ങളായി ആഘോഷാവസരങ്ങളെ പ്രയോജനപ്പെടുത്താനും ലോകത്തെല്ലായിടത്തുമുള്ള പ്രയാസപ്പെടുന്നവരെ ചേര്‍ത്തുനിര്‍ത്താനും ആഹ്വാനംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.