ഇന്ത്യൻ സവാളയുടെ 'ഗർവ്​' ഇനി അവസാനിക്കും; ഈജിപ്ഷ്യൻ സവാള വിപണിയിൽ എത്തി

മൂവാറ്റുപുഴ: പിടിതരാതെ കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സവാളയുടെ 'ഗർവ്​' ഇനി അവസാനിക്കും. വില വർദ്ദനവ്​ പിടിച്ചുകെട്ടാൻ ഈജിപ്ഷ്യൻ സവാള വിപണിയിൽ എത്തിത്തുടങ്ങി.

മൂവാറ്റുപുഴ മാർക്കറ്റിൽ തിങ്കളാഴ്ച രാവിലെയാണ് പത്ത് ടൺ സവാള എത്തിയത്. സവാള വില കുതിച്ചുയറുന്ന സാഹചര്യത്തിൽ വില പിടിച്ചു നിറുത്താനാണ് ഇവ ഇറക്കുമതി ചെയ്തത്. മലയാളികൾക്ക്​ അത്ര പരിചയമുള്ളതല്ല ഈജിപ്​ഷ്യൻ സവാള.

മൂവാറ്റുപുഴ കീച്ചേരി പടിയിലെ എം.എ.ബി.ട്രഡേഴ്സ്​ എന്ന സവാള മൊത്തവ്യാപാര സ്ഥാപനമാണ് സവാള ഇറക്കുമതി ചെയ്​തത്​. ഉച്ചയോടെ ഇവ വിറ്റുതീരുകയും ചെയ്തു. രുചിയിലും, ഗുണത്തിലും മുന്നിട്ടു നിൽക്കുന്ന ഈജിഷ്യൻ സവാള, പൂനാ സവാളയേക്കാൽ വലിപ്പം ഏറിയതാണ്. രണ്ട്, അല്ലങ്കിൽ മൂന്നു സവാളക്ക് ഒരു കിലോ തൂക്കം വരും. വിലയും കുറവാണ്. സംസ്​ഥാനത്ത മറ്റു മാർക്കറ്റുകളിലേക്കും വ്യാപാരികൾ ഈജിപ്​ഷ്യൻ സവാള ഇറക്കുമതി ചെയ്​താൽ വില പെ​ട്ടെന്ന്​ കുറയും.

വലിപ്പത്തോടൊപ്പം നല്ല നിറം, രുചിയു ഒക്കെയുണ്ട് ഈജിപ്റ്റിൽ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്ന സവാളയ്ക്ക്. ഈജിപ്റ്റിൽ നിന്ന് മുംബൈയിൽ എത്തിച്ച ശേഷം ഇവിടെ നിന്നാണ് കഴിഞ്ഞ ദിവസം ഇത് മൂവാറ്റുപുഴയിൽ കൊണ്ടുവന്നത്.

കിലോ 65 രൂപയാണ് മൊത്ത വില. 72 രൂപയാണ് നാടൻ സവാളയുടെ മൊത്ത വില. നിലവിൽ 5 രൂപയുടെ കുറവു മാത്രമാണ് ഈജിപ്റ്റിൽ നിന്നുള്ള സവാളയുടെ വില വ്യത്യാസം. എന്നാൽ ഇതു കൂടുതൽ വിപണിയിലേക്ക്​ എത്തിയാൽ വില കുറയും.

മലയാളിയുടെ സവാള ഉപയോഗം കുറെ കാലമായി ഉയർന്നിരിക്കുകയാണ്. വിദേശി സവാളയുടെ വരവോടെ നാടൻ സവാളക്ക് വില കുറയുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. നാടൻ സവാളയേക്കാൾ എരിവും രുചിയും ഏറെയുള്ള സവാള മലയാളികൾക്ക് ഇഷ്ടമാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ. ഉപഭോക്കാക്കളുടെ ആവശ്യമനുസരിച്ച് അടുത്ത ദിവസങ്ങളിൽ കൂടുതൽ ചരക്ക് എത്തിക്കുമെന്ന് എം.എ.ബി ട്രെഡേഴ്സ് ഉടമകളായ നിഷാദും ,അനസും പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.