കണ്ണൂർ: പി.വി. അൻവർ അയഞ്ഞിരുന്നെങ്കിൽ വി.ഡി. സതീശനും അയഞ്ഞേനെയെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായി. അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല. അൻവർ തിരുത്തിയാൽ യു.ഡി.എഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്നും കെ. സുധാകരൻ പറഞ്ഞു.
അൻവറിന്റെ വോട്ടില്ലെങ്കിലും യു.ഡി.എഫ് ജയിക്കും. എന്നാൽ മത്സരം കടുക്കും. വി.ഡി. സതീശന് അഭിപ്രായവ്യത്യാസം ഉണ്ടായത് അദ്ദേഹം എടുത്ത ഒരു തീരുമാനത്തിന് വിയോജിപ്പ് ഉണ്ടായപ്പോഴാണ്. അത് സ്വാഭാവികമാണ്. അൻവറിനെ കൊണ്ടുവരാൻ പാർട്ടിയുടെ സമ്മതത്തോടെ തന്നെ വ്യക്തിപരമായി ശ്രമിക്കും.
എല്ലാത്തിനും വിലങ്ങു തടിയാകുന്നത് അൻവറിന്‍റെ പ്രതികരണമാണ്. അതിന് പ്രതിപക്ഷ നേതാവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്ഥാനാർഥിയെ അംഗീകരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിൽ സതീശൻ തന്നെ അൻവറിന്‍റെ കൈപിടിച്ച് യു.ഡി.എഫിൽ കൊണ്ടു വന്നേനെയെന്നും സുധാകരൻ പറഞ്ഞു. എം. സ്വരാജിനെ സി.പി.എം ബലിയാടാക്കിയെന്നും സുധാകരൻ പ്രതികരിച്ചു.
അതേസമയം, വി.ഡി സതീശൻ നേതൃത്വം നൽകുന്ന യു.ഡി.എഫിലേക്ക് ഇല്ലെന്ന് പി.വി അൻവർ വ്യക്തമാക്കി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതുകൊണ്ടാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.