കോഴിക്കോട് : എടവണ്ണ ജി.എം.എൽ.പി. സ്കൂളിലെ പി.ടി.എ. ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച ബില്ലുകൾ, വൗച്ചറുകൾ എന്നിവ കൃത്യമായി സൂക്ഷിച്ചുവെക്കുന്നില്ലെന്ന് ധനകാര്യ റിപ്പോർട്ട്. പി.ടി.എ കമ്മിറ്റി രൂപീകരണവും വിവിധ പ്രവർത്തനങ്ങളും സംബന്ധിച്ച് 2007 ജൂൺ 25ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അത് സ്കൂൾ അധികൃതർ പാലിച്ചിട്ടില്ലെന്നാണ് പരിശോധനയിൽ വ്യക്തമായത്.
ഉത്തരവ് അനുസരിച്ച് പി.ടി.എ. യിലേക്ക് ലഭിക്കുന്ന വിവിധ തുകകൾ നിക്ഷേപിക്കുന്നതിനായി പി.ടി.എ. പ്രസിഡൻറ്, സെക്രട്ടറി, ഖജാൻജി എന്നിവരുടെ ദേശസാൽകത ബാങ്കിൽ സംയുക്തമായി ഓഫീസ് അക്കൗണ്ട് ആരംഭിത്തണം. തുടർന്ന് ഈ അക്കൗണ്ടുകളിൽ നിന്നും തുക പിൻവലിച്ച് വിനിയോഗിക്കുന്നത് സംബന്ധിച്ചും വിശദമായ നിർദേശങ്ങൾ ഈ ഉത്തരവിലുണ്ട്.
എടവണ്ണ സ്കൂളിലെ പി.ടി.എ. വിനിയോഗം പരിശോധിച്ചതിൽ എടവണ്ണ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ അക്കൗണ്ട് 2006 ജൂൺ 16ന് ആരംഭിച്ചിരുന്നു. ഈ അക്കൗണ്ടിൽ 2016 ജൂൺ രണ്ട് വരെ ഇടപാടുകൾ നടത്തിയിരുന്നതായും രേഖയുണ്ട്. തുടർന്ന് 2023 ജൂലൈ 14ന് വരെ ഈ അക്കൗണ്ട് വഴി ഇടപാടുകളൊന്നും നടന്നിട്ടില്ല.
2006 മുതൽ 02-06-2016 വരെ പി.ടി.എ. ക്ക് വേണ്ടി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. പിന്നീട് 2016 ജൂൺ മൂന്ന് മുതൽ 2023 ജൂലൈ 14 വരെ വരെയുള്ള പി.ടി.എ. ഫണ്ടിന്റെ അക്കൗണ്ടുകളിലൂടെയായിരുന്നില്ല വിനിയോഗമെന്നും ബാങ്ക് പണമായാണ് ഇടപാടുകൾ നടത്തിയിരുന്നതെന്നും പരിശോധനയിൽ വ്യക്തമായി.
അപാകതകൾ സംബന്ധിച്ച് പ്രധാനാധ്യാപികയായ ബിന്ദുവിൻറെ വിശദീകരണം തേടി. പി.ടി.എയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള സർക്കാർ നിർദേശങ്ങൾ ഇനി കൃത്യമായി പാലിക്കുമെന്നും ബില്ലുകളും, വൗച്ചറുകളും മറ്റും കൃത്യമായി സൂക്ഷിക്കുമെന്നും പ്രധാനാധ്യാപിക മറുപടി നല്കി.
സർക്കാർ നിർദേശങ്ങൾക്കനുസൃതമായി പി.ടി.എ അക്കൗണ്ട് ആരംഭിച്ച്, അക്കൗണ്ട് വഴി മാത്രം സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും ചെലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും വൗച്ചറുകളും കൃത്യമായി സൂക്ഷിക്കുന്നതിനും എടവണ്ണ ജി.എൽ.പി.എസിലെ പ്രധാനാധ്യാപികക്ക് കർശന നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.
മഞ്ചേരി എ.ഇ.ഒ യുടെ കീഴിൽ വരുന്ന സ്കൂളുകളിലെ പി.ടി.എകളുടെ സാമ്പത്തിക ഇടപാടുകൾ സർക്കാർ നിർദേശങ്ങൾ പ്രകാരം, അക്കൗണ്ടിലൂടെയാണ് നടക്കുന്നതെന്നുറപ്പ് വരുത്തുന്നതിന് മഞ്ചേരി എ.ഇ.ഒക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകകണെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.