ആലുവ: എടത്തല പൊലീസ് മർദനവുമായി ബന്ധപ്പെട്ട് പൊലീസ് മനുഷ്യാവകാശ കമീഷന് റിപ്പോർട്ട് സമർപ്പിച്ചു. മർദനത്തിൽ പരിക്കേറ്റയാൾക്ക് ചികിത്സ സഹായം നൽകുന്നത് പരിഗണനയിലില്ലെന്ന് മനുഷ്യാവകാശ കമീഷൻ വ്യക്തമാക്കി. എടത്തല കുഞ്ചാട്ടുകരയിൽ ബൈക്ക് യാത്രികനായിരുന്ന മരത്തുംകുടി ഉസ്മാനാണ് പൊലീസ് മർദനമേറ്റത്. യുവാവിനെ അനാവശ്യമായി മർദിച്ചെന്ന വാർത്തകളെത്തുടർന്നാണ് കമീഷൻ സ്വമേധയാ കേസെടുത്തത്.
ജില്ല പൊലീസ് മേധാവിയോട് റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. ഉസ്മാൻ പൊലീസിനെ ആദ്യം കൈയേറ്റം ചെയ്യുകയായിരുന്നെന്നാണ് പൊലീസ് റിപ്പോർട്ട്. ഇയാൾ മുമ്പും ക്രിമിനൽ കേസിൽ പ്രതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസിനെ മർദിച്ചെന്ന കേസിൽ ഉസ്മാനെതിരെയും ഉസ്മാനെ മർദിച്ചെന്ന പരാതിയിൽ നാല് പൊലീസുകാർക്കെതിരെയും കേസെടുത്തതായും ഡിവൈ.എസ്.പി ഉദയഭാനുവിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിെൻറ റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ട് പഠിച്ച് വിശദപരിശോധനകൾക്കുശേഷം കമീഷൻ തീരുമാനമെടുക്കുമെന്ന് ആക്ടിങ് ചെയർമാൻ പി. മോഹനദാസ് പറഞ്ഞു. ചികിത്സ ചെലവ് ആവശ്യപ്പെട്ട് ഉസ്മാനോ ബന്ധുക്കളോ ഹരജി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ വിഷയം കമീഷന് പരിശോധിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.