ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം: ചരിത്ര രചനയിലെ പിശകിൽ സി.ഐ.ടി.യുവിന്‍റെ ക്ഷമാപണം

കൊച്ചി: ‘സി.ഐ.ടിയു കേരള ചരിത്രം’ എന്ന പുസ്തകത്തിൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം സംബന്ധിച്ച് തെറ്റായ വിവരങ്ങൾ അച്ചടിച്ചുവന്നതിൽ ക്ഷമാപണവുമായി സി.ഐ.ടി.യു. കേരള ട്രേഡ് യൂനിയനുകളുടെ ആവിർഭാവവും സി.ഐ.ടി.യു രൂപവത്കരണത്തിന് ശേഷമുള്ള അരനൂറ്റാണ്ടും വിവരിക്കുന്ന, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പുസ്തകത്തിലെ തെറ്റുകൾ വിവാദമായ പശ്ചാത്തലത്തിലാണ് ക്ഷമാപണം.

പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ ജീവിച്ചിരിക്കുന്ന ഏക സമരസേനാനി എം.എം. ലോറൻസിനോട് ഇത് സംബന്ധിച്ചുണ്ടായ വേദനയിൽ സംസ്ഥാന സെക്രട്ടറിയും ചരിത്ര രചന സബ് കമ്മിറ്റി കൺവീനറുമായ കെ.എൻ. ഗോപിനാഥ് മാപ്പുപറഞ്ഞു.

ആറ് വാള്യങ്ങളായി പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന പുസ്തകത്തിന്‍റെ ആദ്യ ഭാഗം മേയ് 30നാണ് പ്രസിദ്ധീകരിച്ചത്. ഇടപ്പള്ളി ആക്രമണത്തിന്‍റെ തീയതി പോലും തെറ്റായി രേഖപ്പെടുത്തിയ പുസ്തകം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 1950 ഫെബ്രുവരി 28ന് അർധരാത്രി നടന്ന ഇടപ്പള്ളി സമരം 1949 ഫെബ്രുവരി 23 എന്നാണ് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എഫ്.എ.സി.ടി തൊഴിലാളി സമരമായിരുന്നില്ലെങ്കിലും അവരും പൊലീസും തമ്മിലെ ഏറ്റുമുട്ടലായാണ് ഇതിൽ പരാമർശിച്ചിട്ടുള്ളത്.

എൻ.കെ. മാധവനെയും എഫ്.എ.സി.ടി. തൊഴിലാളിയായ പരീതുകുട്ടിയെയും കമ്പനി കവാടത്തിൽവെച്ച് അറസ്റ്റ്‌ ചെയ്യുകയും ലോക്കപ്പിൽ മർദിക്കുകയും ചെയ്തതോടെ പൊലീസ് സ്റ്റേഷനിലേക്ക് എഫ്.എ.സി.ടി തൊഴിലാളികൾ മാർച്ച് ചെയ്തുവെന്നും തൊഴിലാളികൾ സ്റ്റേഷൻ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചുവെന്നുമാണ് പുസ്തകത്തിൽ പറയുന്നത്. എന്നാൽ, മാധവനൊപ്പം അറസ്റ്റ് ചെയ്തത് വറുതുട്ടിയെയാണ്, പരീതുകുട്ടിയെയല്ല.

വറുതുട്ടി ലോക്കപ്പിൽ മരിച്ചെന്നും മാധവൻ കസ്റ്റഡിയിലാണെന്നുമുള്ള വാർത്ത റെയിൽവേ പണിമുടക്ക് വിജയിപ്പിക്കാൻ പോണേക്കരയിൽ ചേർന്ന തൊഴിലാളികളുടെ യോഗത്തിലേക്ക് എത്തിയതോടെ തൊഴിലാളികൾ ആത്മഹത്യാ സ്ക്വാഡുണ്ടാക്കി ആയുധങ്ങളുമായി പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. ഇതിൽ പൊലീസുകാരായ മാത്യുവും വേലായുധനും കൊല്ലപ്പെട്ടതോടെ കെ.യു. ദാസ്, ജോസഫ് എന്നിവരെ ലോക്കപ്പിലിട്ട് മർദിച്ചു കൊന്നു. എന്നാൽ, ഇക്കാര്യങ്ങളൊന്നും സി.ഐ.ടി.യു തയാറാക്കിയ ചരിത്രത്തിൽ ഇല്ല.

കെ.എൻ. ഗോപിനാഥ് കൺവീനറായ, കെ. ചന്ദ്രൻപിള്ളയടക്കം മുതിർന്ന നേതാക്കൾ അടങ്ങുന്ന സബ് കമ്മിറ്റിയാണ് പുസ്തക രചനക്ക് പിന്നിൽ പ്രവർത്തിച്ചത്. ജില്ലകളിൽനിന്നുള്ള സബ് കമ്മിറ്റികൾ നൽകിയ വിവരങ്ങൾ ചേർത്ത് തയാറാക്കിയതിനാൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന ന്യായീകരണമാണ് സി.ഐ.ടി.യു നടത്തുന്നത്. അടുത്ത വാള്യങ്ങൾ തെറ്റു തിരുത്തിയാവും പുറത്തിറക്കുകയെന്ന ഉറപ്പാണ് ഇവർ നൽകുന്നത്.

Tags:    
News Summary - Edappally police station attack: CITU apologizes for wrong history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.