തൃശൂർ: കോൺഗ്രസ് ഭരിക്കുന്ന തൃശൂർ അർബൻ സഹകരണ ബാങ്കിലും ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) അന്വേഷണം. ബാങ്ക് ചെയർമാൻ പോൾസൻ ആലപ്പാട്ടിനെ ഇ.ഡി ചോദ്യം ചെയ്‌തു. മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി നൽകുന്ന സൂചന. മൊഴി പരിശോധിച്ച് വീണ്ടും വിളിപ്പിച്ചേക്കുമെന്നും അവർ വ്യക്തമാക്കി. ബാങ്കിലെ 400 പവൻ സ്വർണപ്പണയത്തിലെ ക്രമക്കേടാണ് ഇ.ഡി അന്വേഷണത്തിലേക്ക് എത്തിയത്.
2015ൽ ബാങ്കിൽ നടന്ന സ്വർണലേലവുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലാണിത്. കോടികളുടെ സാമ്പത്തികക്രമക്കേട് നടന്നതായാണ് പരാതി. സഹകരണ വിജിലൻസ് അന്വേഷിച്ചപ്പോൾ ക്രമക്കേട് കണ്ടെത്തിയിരുന്നു. പരാതി നൽകിയയാളുടെ സ്വർണം ലേലത്തിന് വെച്ചിരുന്നു. ലേലത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പങ്കെടുപ്പിച്ചില്ലെന്നും ചട്ടം ലംഘിച്ചാണ് ലേലനടപടികൾ നടന്നതെന്നും ഒരേ വീട്ടുകാർ സ്വർണം ലേലം വിളിച്ചെടുത്തതായും വ്യാജ ഒപ്പ് രേഖപ്പെടുത്തി കൂടുതൽ പേർ പങ്കെടുത്തതായി രേഖകളുണ്ടാക്കിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
ബാങ്ക് ചെയർമാൻ പോൾസൻ ആലപ്പാട്ട്, ഭരണസമിതി അംഗം സൈമൺ നടക്കാവുകാരൻ എന്നിവർക്കും ഉത്തരവാദികളായ ജീവനക്കാർക്കുമെതിരെ പുനരന്വേഷണത്തിന് സഹകരണ വിജിലൻസ് തൃശൂർ വെസ്‌റ്റ് പൊലീസിന് ശിപാർശ ചെയ്‌തതിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. അടുത്തിടെയാണ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് ചേരിതിരിഞ്ഞ് മത്സരിക്കുകയായിരുന്നു.
ബാങ്ക് മറ്റൊരു കരുവന്നൂരാവുകയാണെന്ന് പറഞ്ഞ് ഭരണസമിതിക്കെതിരെ ഗുരുതര ക്രമക്കേടുകളുമായി കോൺഗ്രസിലെ തന്നെ ഒരു വിഭാഗം വാർത്തസമ്മേളനം നടത്തിയിരുന്നു. പോൾസൺ ആലപ്പാട്ടിനെ ഇതിനകം രണ്ട് തവണയാണ് ചോദ്യം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.