കൊച്ചി: 2021ലെ നോട്ടീസിനെതിരെ എസ്.എൻ.സി ലാവ്ലിൻ കമ്പനി നൽകിയ ഹരജിയിൽ നാലര വർഷമായിട്ടും ഹൈകോടതിയിൽ മറുപടി നൽകാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മൂന്നാഴ്ചക്കകം മറുപടി നൽകാൻ 2021 ഏപ്രിലിൽ കോടതി നിർദേശിച്ചിട്ടും 2025 കഴിയാറായിട്ടും മറുപടിയുണ്ടായിട്ടില്ല. പിന്നീട് കോടതിയുടെ പരിഗണനക്കും ഹരജി എത്തിയിട്ടില്ല.
മുഖ്യമന്ത്രിയുടെ മകന് ഇ.ഡി നോട്ടീസ് നൽകിയ സംഭവം വാർത്തയാകുന്നതിനിടെയാണ് ലാവ്ലിൻ കമ്പനിയുടെ ഹരജിയും ചർച്ചാ വിഷയമാകുന്നത്. കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കമുള്ള രേഖകളുമായി എത്തണമെന്നാവശ്യപ്പെട്ട് നിരന്തരം സമൻസ് ലഭിച്ചതിനെത്തുടർന്നാണ് ലാവ്ലിൻ ഹൈകോടതിയെ സമീപിച്ചത്. കമ്പനിയുടെ ഇന്ത്യൻ ലിമിറ്റഡ് ഡയറക്ടർക്കായിരുന്നു ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ 2021 ഫെബ്രുവരിയിൽ നോട്ടീസ് നൽകിയത്. നോട്ടീസ് ഏത് കേസുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തമല്ലെന്ന് ലാവ്ലിൻ മറുപടി നൽകിയെങ്കിലും ഏപ്രിലിൽ വീണ്ടും നോട്ടീസ് നൽകുകയായിരുന്നു.
2003ൽ പി.എം.എൽ ആക്ട് നിലവിൽവരും മുമ്പ് 1995-1998 കാലഘട്ടത്തിലാണ് കെ.എസ്.ഇ.ബിയും എസ്.എൻ.സി ലാവ്ലിനും തമ്മിലെ കരാർ പ്രകാരമുള്ള ഇടപാടുകൾ നടന്നതെന്നതിനാൽ ഇ.ഡി കേസ് നിലനിൽക്കില്ലെന്നായിരുന്നു കമ്പനിയുടെ വാദം. 2005ലെ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൻമേലുള്ള സി.ബി.ഐ അന്വേഷണത്തെത്തുടർന്ന് കുറ്റപത്രം നൽകുന്നത് 2009ലാണ്. ഇക്കാര്യങ്ങളിലെല്ലാം മറുപടി നൽകേണ്ട ഇ.ഡി അതിന് മുതിർന്നിട്ടില്ല. അതേസമയം, കേസിൽ തുടർനടപടികൾ ആവശ്യപ്പെട്ട് ലാവ്ലിനും പിന്നീട് കോടതിയെ സമീപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.