സാമ്പത്തിക സംവരണം: നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ദലിത് സമുദായ മുന്നണി

കൊച്ചി: സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും : ദലിത് സമുദായ മുന്നണി. സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സാമൂഹ്യനീതിയുടെ തുടർ ലംഘനങ്ങൾക്ക് വഴിയൊരുക്കുന്നതാണെന്നും മുന്നണി ചെയർമാൻ സണ്ണി എം. കപിക്കാടും ജനറൽ സെക്രട്ടറി അഡ്വ. പി.എ പ്രസാദും പ്രസ്താവനയിൽ അറിയിച്ചു.

സാമ്പത്തിക സംവരണത്തെ സാധൂകരിക്കുന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണം. സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നോക്കാവസ്ഥയാണെന്നും, സമുദായ സംവരണം നിർത്തിവെക്കപ്പെടണമെന്നുള്ള നിഗമനത്തോടെയുള്ള വിധി പ്രസ്താവം ഭരണഘടനാ തത്വങ്ങളോട് നീതി പുലർത്തുന്നതല്ല.

നിലവിൽ സംവരണീയരായ വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണത്തിന് അർഹതയില്ല എന്ന് പറഞ്ഞാൽ, ഇപ്പോൾ നടപ്പാക്കുന്നത് സാമ്പത്തിക സംവരണമല്ല, സവർണ വിഭാഗങ്ങൾക്ക് മാത്രമായുള്ള ഒരു രാഷ്ടീയ പദ്ധതിയായി വിലയിരുത്തേണ്ടി വരും.

എല്ലാ വിഭാഗത്തിലും ഉൾപെട്ട സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്ക് നല്കാത്ത ഈ പദ്ധതി ഏതെങ്കിലും വിഭാഗത്തെ പ്രീണിപ്പിക്കുവാൻ മാത്രം ലക്ഷ്യമിട്ട് നടപ്പിലാക്കുന്നതാണ് എന്നതിൽ സംശയമില്ല. മുന്നോക്ക വിഭാഗങ്ങൾക്ക് ഏതെങ്കിലും മേഖലയിൽ പ്രാതിനിധ്യ കുറവുണ്ടോ എന്ന കണക്കെടുപ്പ് നടത്താതെ, അധികാരം, സമ്പത്ത്, പദവി, അവസരം, ഭൂമി, വിഭവങ്ങൾ എന്നിവയുടെ 80 ശതമാനം കൈവശം വെക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നല്കുന്നതിനെ സാധൂകരിക്കുന്നത് സമ്മർദങ്ങളുടെ അടിസ്ഥാനത്തിലാണ്.

ഭരണഘടനാ തത്വങ്ങൾക്കു , സാമൂഹ്യ നീതിക്കും വിരുദ്ധമായി മുന്നോക്ക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഈ നീക്കങ്ങളെ നിയമപരമായും രാഷ്ട്രീയമായും പ്രതിരോധിക്കുവാൻ ദലിത്-പിന്നാക്ക - ന്യൂനപക്ഷ വിഭാഗങ്ങളടങ്ങുന്ന സംവരണീയ സമുദായങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുമെന്നും അറിയിച്ചു.

Tags:    
News Summary - Economic reservation: Dalit community front to fight legally and politically

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.