അഹമ്മദിനെ ഓര്‍ത്ത് ഉത്കണ്ഠയോടെ കണ്ണൂര്‍

കണ്ണൂര്‍: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് പാര്‍ലമെന്‍റ് സമ്മേളനത്തിനിടയില്‍ കുഴഞ്ഞുവീണ് അത്യാസന്നനിലയിലായ വിവരമറിഞ്ഞ് ജന്മനാട് ഇന്നലെ പകലും രാവും പകച്ചുനിന്നു. വിവരമറിഞ്ഞ് അദ്ദേഹത്തിന്‍െറ വസതിയായ കണ്ണൂര്‍ താണയിലെ ‘സിതാര’യിലേക്ക് നേതാക്കളും അണികളും ഒഴുകിയത്തെി. ആരോഗ്യനില അറിയാനുള്ള അന്വേഷണവുമായി പത്ര ഓഫിസുകളിലേക്കും പാര്‍ട്ടി ഓഫിസുകളിലേക്കും ഫോണ്‍വിളികളുടെ പ്രളയമായിരുന്നു.

അനാരോഗ്യം കാരണം മുമ്പും അഹമ്മദിന്‍െറ നില വഷളായപ്പോള്‍ ഏറെ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. മൂന്നു മാസം മുമ്പ് ഉംറ നിര്‍വഹിക്കവെ അവശനായപ്പോഴും അണികള്‍ ഉത്കണ്ഠപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ അനാരോഗ്യം കാരണം അദ്ദേഹത്തിന് ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ആരോഗ്യനില മെച്ചപ്പെടുകയും പരിപാടികളില്‍ സജീവമാകുകയും ചെയ്തിരുന്നു. അഹമ്മദിന്‍െറ മക്കളും മരുമക്കളുമെല്ലാം വിദേശത്തായതിനാല്‍ കണ്ണൂരിലെ വീട് പലപ്പോഴും അടഞ്ഞുകിടക്കാറാണ് പതിവ്. ഇന്നലെ ഉച്ചയോടെ വീടുതുറന്ന് നേതാക്കള്‍ ഒത്തുകൂടി. സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ല പ്രസിഡന്‍റ് പി. കുഞ്ഞിമുഹമ്മദ്, സെക്രട്ടറി കരീം ചേലേരി, കെ.എം. ഷാജി എം.എല്‍.എ, അഹമ്മദിനോടൊപ്പം നാലുപതിറ്റാണ്ടോളം ആത്മസൃഹൃത്തായി സഞ്ചരിച്ച വി.പി. വമ്പന്‍ എന്നിവരെല്ലാം രാത്രിയും ‘സിതാര’യിലുണ്ടായിരുന്നു. 

മൂത്തസഹോദരിയുടെ മരണവിവരമറിഞ്ഞാണ് ഒരു മാസം മുമ്പ് അഹമ്മദ് ഏറ്റവും ഒടുവില്‍ കണ്ണൂരില്‍ വന്നത്. കഴിഞ്ഞ ജൂലൈ 14ന് മുസ്ലിം ലീഗ് ജില്ല എക്സിക്യൂട്ടിവ് ക്യാമ്പിലും ജൂലൈ അവസാനം എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിലും പങ്കെടുത്തിരുന്നു.  ജനുവരി എട്ടിന് ദുബൈയില്‍ മകളുടെ അടുത്തേക്കുപോയിരുന്നു. അവിടെ 26ന് നടന്ന ബാപ്പുമുസ്ലിയാര്‍ അനുസ്മരണം, ചന്ദ്രിക പ്രചാരണയോഗം, സ്വന്തം നാട്ടുകാര്‍ ഒരുക്കിയ സിറ്റിഫെസ്റ്റ് എന്നിവയില്‍ പങ്കെടുത്തു. 28ന് കോഴിക്കോട് ഒരു വിവാഹച്ചടങ്ങിലും 29ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഗൃഹപ്രവേശനത്തിലും പങ്കുചേര്‍ന്നശേഷമാണ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോയത്. 29ന് പാണക്കാടുവെച്ച് അഹമ്മദിനെ കണ്ണൂരിലെ നേതാക്കള്‍ കണ്ടിരുന്നു.  

Tags:    
News Summary - e ahamed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.