ഇ. അഹമ്മദ് വിഷയം:  സര്‍ക്കാര്‍ വിഷമവൃത്തത്തില്‍

ന്യൂഡല്‍ഹി: മുസ്ലിംലീഗ് നേതാവ് ഇ. അഹമ്മദിന്‍െറ ചികിത്സയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന ദുരൂഹതയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുപോലെ അന്വേഷണം ആവശ്യപ്പെട്ടതോടെ കേന്ദ്രസര്‍ക്കാര്‍ വിഷമവൃത്തത്തില്‍. പാര്‍ലമെന്‍റ് സമിതി അന്വേഷിക്കണമെന്ന ആവശ്യമാണ് കേരളത്തില്‍നിന്ന് ഉയര്‍ന്നിട്ടുള്ളത്. സാധാരണ നിലക്കാണെങ്കില്‍ ചികിത്സാ പിഴവുണ്ടായിട്ടുണ്ടോ എന്ന വകുപ്പുതല അന്വേഷണത്തിനും ഇടമുണ്ട്. ഏതന്വേഷണവും സര്‍ക്കാറിനെയും ആശുപത്രി അധികൃതരെയും കുടുക്കാന്‍ പര്യാപ്തമാണെന്ന സ്ഥിതിവിശേഷമുണ്ട്.

അന്വേഷണം വേണമെന്ന ആവശ്യം തള്ളിയാല്‍ ഇതിനകം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കേന്ദ്രസര്‍ക്കാറിനെതിരായ സംശയങ്ങള്‍ ഉറപ്പിക്കുമെന്നതാണ് അടുത്ത പ്രശ്നം. പാര്‍ലമെന്‍റിന്‍െറ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തില്‍ കുഴഞ്ഞുവീണ എം.പിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പാര്‍ലമെന്‍റില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. തിങ്കളാഴ്ചയും ഈ വിഷയം കേരള എം.പിമാര്‍ ഉന്നയിക്കാനിരിക്കെ, അന്ന് സര്‍ക്കാര്‍ സഭയില്‍ വിശദീകരണ പ്രസ്താവന നടത്തിയേക്കും. അവിടം കൊണ്ട് വിഷയം അവസാനിക്കില്ളെന്ന ബോധ്യം സര്‍ക്കാറിനുണ്ട്. 

എം.പിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നത് രാഷ്ട്രീയ ആവശ്യം മാത്രമല്ളെന്നതാണ് ശ്രദ്ധേയം. കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായ മുഖമാണ് വിഷയത്തിന് ഇതോടെ കൈവന്നിട്ടുള്ളത്. കേരളത്തിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ഒരുപോലെ പാര്‍ലമെന്‍റില്‍ ആവശ്യമുയര്‍ത്തുകയും ചെയ്യുമ്പോള്‍, അന്വേഷണത്തില്‍നിന്ന് മുഖംതിരിക്കാന്‍ കഴിയാത്ത സ്ഥിതി സര്‍ക്കാര്‍ നേരിടുന്നുണ്ട്. 

വിവിധ പാര്‍ട്ടികളുടെ അടിയന്തര പ്രമേയ നോട്ടീസുകള്‍ ലോക്സഭ സ്പീക്കര്‍ക്കു മുമ്പാകെയുണ്ട്. വിഷയം സഭയില്‍ ഉന്നയിക്കുന്നതിന് അംഗങ്ങളെ അനുവദിക്കാന്‍ സ്പീക്കര്‍ സുമിത്രാ മഹാജനും ബാധ്യസ്ഥയാണ്. എം.പിയുടെ അവകാശങ്ങളും മനുഷ്യാവകാശവും ഒരുപോലെ നിഷേധിക്കപ്പെട്ടുവെന്ന കാതലായ വിഷയമാണ് പാര്‍ലമെന്‍റിനു മുമ്പാകെയുള്ളത്. ആശുപത്രിയിയില്‍ എം.പി ജീവനോടെയോ അല്ലാതെയോ നേരിട്ട അനാദരവ് അവകാശലംഘനത്തിന്‍െറ പരിധിയില്‍വരും.

അതിന്മേല്‍ നടപടിക്ക് സര്‍ക്കാറിനെ ഉപദേശിക്കാതിരിക്കാന്‍ സ്പീക്കര്‍ക്ക് കഴിയില്ല. അടിയന്തരപ്രമേയ നോട്ടീസിന് പിന്നാലെ എം.പിമാരുടെ അവകാശലംഘന നോട്ടീസും പാര്‍ലമെന്‍റില്‍ വന്നേക്കും. മരണപ്പെട്ട എം.പിക്കൊപ്പം, അദ്ദേഹത്തെ കാണാനത്തെിയവര്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കിയില്ളെന്ന കുറ്റം ആശുപത്രി അധികൃതര്‍ക്കെതിരെയുമുണ്ട്. ഈ സാഹചര്യങ്ങളില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതമാണ്. എന്നാല്‍, ഏതുവിധ അന്വേഷണം, അതിന്‍െറ ഫലപ്രാപ്തി തുടങ്ങിയ കാര്യങ്ങളിലാണ് അവ്യക്തതകള്‍ ബാക്കിയാവുന്നത്. ധനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള സമ്മര്‍ദം ആശുപത്രി അധികൃതര്‍ക്കുമേല്‍ ഉണ്ടായെന്നാണ് ആരോപണം. 

ആശുപത്രി ജീവനക്കാരെയോ ഡോക്ടര്‍മാരെയോ പ്രതിക്കൂട്ടിലാക്കുന്നവിധത്തിലുള്ള അന്വേഷണം വന്നാല്‍, അവരുടെ രോഷം സര്‍ക്കാറിനെതിരെ തിരിയുമെന്ന വിഷയവുമുണ്ട്. ആശുപത്രിയിലുണ്ടായ സംഭവവികാസങ്ങള്‍ മനുഷ്യാവകാശ നിയമങ്ങളുടെ പരിധിയില്‍ വരുമെന്ന് ദേശീയ മനുഷ്യാവകാശ കമീഷനില്‍നിന്ന് അടുത്തിടെ വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു. ആ വഴിക്കുള്ള പരാതികളും സര്‍ക്കാറിനെയും ആശുപത്രിയെയും പ്രതിസന്ധിയിലാക്കാന്‍ പര്യാപ്തമാണ്.  

Tags:    
News Summary - e ahamad death issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.