ന്യുഡൽഹി: മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിഹാർ ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് മുൻ ചെയർമാൻ ഇ. അബൂബക്കറിന്റെറ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കുമെന്ന് സുപ്രീംകോടതി. ഇതിനായി ഡൽഹി എയിംസ് മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ ജസ്റ്റിസ് എം.എം സുന്ദരേഷ്, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് നിർദേശം നൽകി.
കാൻസർ, പാർക്കിൻസൺസ് അടക്കം നിരവധി രോഗങ്ങളുള്ളതിനാൽ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഇ. അബൂബക്കർ നൽകിയ ഹരജി പരിഗണിക്കവെയാണ് ഡൽഹി എയിംസിനോട് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ കോടതി ഉത്തരവിട്ടത്.
ജാമ്യാപേക്ഷയിൽ ഇ. അബൂബക്കറിന്റെ രോഗാവസ്ഥ മാത്രമായിരിക്കും തങ്ങൾ പരിഗണിക്കുകയെന്നും മറ്റു കാര്യങ്ങൾ പരിഗണിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കേസ് രണ്ടാഴ്ച കഴിഞ്ഞ വീണ്ടും പരിഗണിക്കും.
രണ്ടു ദിവസത്തിനുള്ളിൽ എയിംസിൽ പ്രവേശിപ്പിക്കുകയും നാലു ദിവസം വിശദമായ പരിശോധനകൾ നടത്തുകയും ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് എയിംസ് ഡയറക്ടർ കോടതിക്ക് നൽകണം. സഹായത്തിനായി ഇ.അബൂബക്കറിന് മകനെ കൂടെ നിർത്താനും കോടതി അനുവാദം നൽകി.
നേരത്തെയും എംയിസിൽ പരിശോധക്കായി വിധേയമാക്കിയതാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടില്ലെന്നുംഎൻ.ഐ.എക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇ. അബുബക്കറിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളിയതിനെത്തുടർന്നാണ് സുപ്രിംകോടതിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.