കായംകുളം: ഡി.വൈ.എഫ്.ഐ ദേവികുളങ്ങര മേഖല കമ്മിറ്റി അംഗം പുതുപ്പള്ളി ഗോവിന്ദമുട്ടം വേലശ്ശേരിതറയിൽ അമ്പാടിയെ (21) കൊലപ്പെടുത്തിയ കേസിൽ മൂന്ന് ക്വട്ടേഷൻ സംഘാംഗങ്ങൾ അറസ്റ്റിൽ. കൃഷ്ണപുരം കാപ്പിൽമേക്ക് ചന്ദ്രാലയത്തിൽ അമിതാബ് ചന്ദ്രൻ (38), സഹോദരൻ അക്ഷയ് ചന്ദ്രൻ (27), കാപ്പിൽ കിഴക്ക് സജിത് ഭവനത്തിൽ വിജിത് (വിച്ചു -29), എന്നിവരെയാണ് അറസ്റ്റുചെയ്തത്.
കാപ്പിൽ കുറക്കാവ് ഭാഗത്തുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അമ്പാടിയുടെ സുഹൃത്തുക്കളായ കൃഷ്ണപുരം കോട്ടക്കുഴി കിഴക്കതിൽ അനന്തുവും പുതുപ്പള്ളി സ്വദേശി ആദർശും സഞ്ചരിച്ച ബൈക്ക് അക്ഷയ് ചന്ദ്രന്‍റെ ബൈക്കിൽ തട്ടിയതാണ് പ്രകോപന കാരണം. തുടർന്ന് നിർത്താതെ പോയ ഇവരെ പിന്തുടർന്ന അക്ഷയ് പച്ചക്കുളം ക്ഷേത്രത്തിനുസമീപം തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.
ഇത് അറിഞ്ഞാണ് പുതുപ്പള്ളിയിൽ നിന്ന് നാല് സുഹൃത്തുക്കളുമായി അമ്പാടി ഇവിടേക്ക് എത്തിയത്. ഈ സമയം വീട്ടിലെത്തിയ അക്ഷയ് സഹോദരൻ അമിതാബിനോട് വിവരം പറഞ്ഞു. അക്ഷയിനെ വീട്ടിൽ നിർത്തിയശേഷം അമിതാബ് സുഹൃത്ത് വിജിത്തിനെയും കൂട്ടി അനന്തുവിനെയും സംഘത്തെയും തേടിയിറങ്ങി.
ഇതിനിടെ മാവനാൽ കുറ്റി ജങ്ഷനുസമീപത്ത് ഇരുസംഘവുംനേർക്കുനേർ എത്തി. തുടർന്ന്, രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ, അമിതാബ് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അമ്പാടിയുടെ കഴുത്തിൽ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതേസമയം, വിജിത്ത് അനന്തുവിന്നേരെയും കത്തിവീശിയെങ്കിലും ഒഴിഞ്ഞുമാറുന്നതിനിടെ ചെറുതായി മുറിവേറ്റു. അനന്തു ഗവ. ആശുപത്രിയിൽ ചികിത്സ തേടി. അക്ഷയ് ചന്ദ്രൻ കാപ്പ, പോക്സോ അടക്കം എട്ടോളം കേസിൽ പ്രതിയാണ്. കാപ്പയിൽ ഉൾപ്പെട്ടിരുന്ന ഇയാൾ ഒരുമാസം മുമ്പുവരെ പൊലീസ് നിരീക്ഷണത്തിലായിരുന്നു.
അമിതാബ് രണ്ട് കേസിൽ പ്രതിയാണ്. റിമാൻഡിലായ പ്രതികളെ തിരിച്ചറിയൽ പരേഡിനുശേഷം തെളിവെടുപ്പിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് ഡിവൈ.എസ്.പി ജി. അജയ്നാഥും സി.ഐ മുഹമ്മദ് ഷാഫിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.