പത്തനംതിട്ട: മദ്യപിച്ച് പൊലീസ് സംഘത്തെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിന് അറസ്റ്റിലായ ജില്ല കമ്മിറ്റി അംഗത്തെ ഡി.വൈ.എഫ്.ഐ സസ്‌പെന്‍ഡ് ചെയ്തു. ശരത് ശശിധരനെയാണ് വ്യാഴാഴ്ച ചേര്‍ന്ന അടിയന്തര ജില്ല കമ്മിറ്റി യോഗം സസ്‌പെന്‍ഡ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് എടത്വയിൽ വെച്ചാണ് ശരത് ഉള്‍പ്പെട്ട ഏഴംഗസംഘം പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. 22ന് കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം പങ്കെടുക്കുന്ന ജില്ല കമ്മിറ്റി യോഗം ശരത്തിനെ സംഘടനയില്‍നിന്ന് പുറത്താക്കുമെന്നും സൂചനയുണ്ട്.
അതേസമയം, ജില്ല കമ്മിറ്റിയില്‍നിന്ന് ഒഴിയാന്‍ ശരത് നേരത്തേ താല്‍പര്യം പ്രകടിപ്പിച്ച് കത്ത് നല്‍കിയിരുന്നുവെന്നും അതിന്‍റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയെന്നുമാണ് ഡി.വൈ.എഫ്.ഐ നേതൃത്വം പറയുന്നത്. വാഹനത്തിലിരുന്ന് മദ്യപിച്ച് ബഹളം വെച്ച സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച കേസില്‍ സി.പി.എം നഗരസഭ കൗണ്‍സിലര്‍ വി.ആര്‍. ജോണ്‍സണും ഉണ്ടായിരുന്നു.
ജോണ്‍സണ്‍, ശരത് ശശിധരന്‍, സജിത്, അരുണ്‍ ചന്ദ്രന്‍, ഷിബന്‍, ശിവശങ്കര്‍, അര്‍ജുന്‍ മണി എന്നിവരെയാണ് എടത്വ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് ആറരയോടെ എടത്വ ചങ്ങങ്കരി പള്ളിക്കുസമീപം റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തശേഷം പൊതുവഴിയില്‍നിന്ന് സംഘം മദ്യപിച്ചു.
ചോദ്യം ചെയ്ത നാട്ടുകാരെയും സ്ഥലത്ത് വന്ന പൊലീസിനെയും ഇവര്‍ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് ഇവരെ കീഴടക്കിയത്. പൊതുസ്ഥലത്തെ മദ്യപാനം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തുവെങ്കിലും ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.