ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനം: ഘടകങ്ങളില്‍ 20 ശതമാനം വനിതകളാവും

കൊച്ചി: പുതിയ കാലത്തെ യുവാക്കളോട് സംവദിക്കാന്‍ ഭാഷയുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ അടിമുടി വൈവിധ്യവത്കരിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംഘടന പ്രമേയം. പുതിയകാല വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കായിക-സാംസ്കാരിക-ജീവകാരുണ്യ മേഖലകളെയെല്ലാം സ്പര്‍ശിക്കുംവിധം പ്രവര്‍ത്തനം ഉടച്ചുവാര്‍ക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. പ്രത്യക്ഷ രാഷ്ട്രീയം മാറ്റിനിര്‍ത്തി എല്ലാ വിഷയങ്ങളും സംഘടന ഏറ്റെടുക്കണമെന്നും നിര്‍ദേശമുണ്ട്.
 പുതിയ ചെറുപ്പക്കാര്‍ക്ക് മനസ്സിലാകുന്ന അവരുടെ ഭാഷയും ശൈലിയുമാവും സംഘടന പിന്തുടരുക. ഏറ്റെടുക്കുന്ന വിഷയങ്ങളില്‍ ബഹുമുഖ ഇടപെടലുകള്‍ നടത്തും. മുദ്രാവാക്യങ്ങള്‍, സമരരീതികള്‍, ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എന്നിവയെല്ലാം സമഗ്രമായി പുനര്‍നിര്‍ണയിക്കും. 

പുതിയ സാഹചര്യങ്ങള്‍ വെല്ലുവിളിനിറഞ്ഞതാണെന്നും അരാഷ്ട്രീയവത്കരിക്കപ്പെട്ട യുവാക്കളെ സംഘടിപ്പിക്കുക പ്രയാസകരമാണെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എം.ബി. രാജേഷ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ദിശ രേഖയില്‍ മാത്രമാക്കാതെ പ്രവര്‍ത്തനത്തിലും കൊണ്ടുവരാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. സംഘടന പ്രമേയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളുടെ ചര്‍ച്ചയും നടന്നു.

ഡി.വൈ.എഫ്.ഐയുടെ എല്ലാ ഘടകങ്ങളിലും 20 ശതമാനം അംഗങ്ങള്‍ വനിതകളാകണമെന്ന ഭരണഘടനഭേദഗതിയും സമ്മേളനത്തില്‍ അവതരിപ്പിച്ചു. 
ഭേദഗതികള്‍ ഞായറാഴ്ച ചര്‍ച്ച പൂര്‍ത്തിയാക്കി സമ്മേളനം അംഗീകരിക്കും. ഡി.വൈ.എഫ്.ഐ സെക്രട്ടേറിയറ്റുകളില്‍ ചുരുങ്ങിയത് രണ്ടു പേരെങ്കിലും വനിതകളാകണമെന്നും ദേദഗതിയില്‍ നിര്‍ദേശിക്കുന്നുണ്ട്. കേന്ദ്ര സെക്രട്ടേറിയയറ്റില്‍ ഭേദഗതി ഇത്തവണതന്നെ നടപ്പാക്കും. അംഗത്വവിതരണവുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതിയും സമ്മേളനത്തിന് മുന്നിലുണ്ട്. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അവോയി മുഖര്‍ജി അവതരിപ്പിച്ച രാഷ്ട്രീയ-സംഘടന റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സമ്മേളനം ഐകകണ്ഠ്യേന അംഗീകരിച്ചു. 

കശ്മീരിലെ പ്രത്യേക സൈനിക നിയമം  റദ്ദാക്കണം –ഡി.വൈ.എഫ്.ഐ

 കശ്മീരിലെ പ്രത്യേക സൈനിക നിയമം (അസ്പ) റദ്ദ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുമ്പ് ത്രിപുരയില്‍നിന്ന് അസ്പ എടുത്ത് മാറ്റിയ പോലെ കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാന്‍ നടപടി സ്വീകരിക്കണം. കശ്മീരില്‍ സൈന്യത്തിന്‍െറ പെല്ലറ്റ് പ്രയോഗത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. കശ്മീരിലെ മനുഷ്യാവകാശധ്വംസനം അവസാനിപ്പിക്കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 

നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ ഭീകരരെന്ന് മുദ്രകുത്തി രാജ്യത്താകെ വേട്ടയാടുന്നതിനെതിരെയും പ്രമേയം അവതരിപ്പിച്ചു. ജയിലില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന 15.8 ശതമാനവും മുസ്ലിംകളാണ്. ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതലാണ് ഇത്. 20 ശതമാനത്തിലേറ വിചാരണ തടവുകാരും ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളാണ്. ഭീകരരെന്നും തീവ്രവാദികളുമെന്ന് മുദ്രകുത്തി ജയിലില്‍ കഴിയുന്ന നിരപരാധികളുടെ കാര്യത്തില്‍ പുനരന്വേഷണം നടത്തണം. 

അതേസമയം, യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കരുതെന്ന് തന്നെയാണ് എല്‍.ഡി.എഫ് നിലപാടെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എം.ബി. രാജേഷ് പറഞ്ഞു. ഇക്കാര്യം അന്നുതന്നെ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി കോടിയേരി ബാകൃഷ്ണന്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

ദുരഭിമാനക്കൊലകളും ജാതി പഞ്ചായത്തുകളും അവസാനിപ്പിക്കാന്‍ നിയമം പാസാക്കണമെന്ന പ്രമേയവും പശ്ചിമബംഗാളിലെയും പശ്ചിമേഷ്യയിലെയും ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയങ്ങളും പാസാക്കി. വര്‍ഗീയതയ്ക്കെതിരെ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും വികസനം തടസ്സപ്പെടുത്താതെ ആഗോളതാപനം തടയുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെടുന്ന പ്രമേയവും അവതരിപ്പിക്കപ്പെട്ടു. ലോക കാന്‍സര്‍ ദിനമായ ശനിയാഴ്ച എറണാകുളം ജനറല്‍ ആശുപത്രി കാന്‍സര്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് പ്രതിനിധികളില്‍നിന്ന് 1,06,242 രൂപ സമാഹരിച്ച് കൈമാറി. 

Tags:    
News Summary - dyfi conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.