ഹിന്ദുദേശീയതക്ക് ദേശീയതയുടെ നിറം നല്‍കുന്നു –പ്രകാശ് കാരാട്ട് 

കൊച്ചി: ദേശീയത എന്ന സങ്കല്‍പം ഹിന്ദുദേശീയതയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഹിന്ദുദേശീയത എന്നത് ഹിന്ദുവര്‍ഗീയത തന്നെയാണെന്നും ഹിന്ദുത്വവാദം ഒൗദ്യോഗിക ആശയമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘കപട ദേശീയതയും വര്‍ഗീയതയും’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാറിനെ ഉപകരണമാക്കി ഭരണഘടനയെയും മതനിരപേക്ഷതയെയും അട്ടിമറിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ദേശീയസുരക്ഷയുടെ പേരില്‍ ജുഡീഷ്യറിയെയും സൈന്യത്തെയും സര്‍ക്കാര്‍ വരുതിയിലാക്കുകയാണ്. സുപ്രീംകോടതി നിര്‍ദേശിച്ച കൊളീജിയം മുന്നോട്ടുവെച്ച ഹൈകോടതി ജഡ്ജിമാരെ നിയമിക്കാന്‍ തയാറാവാത്ത സര്‍ക്കാര്‍ ജഡ്ജിമാരുടെ നിയമനത്തില്‍ പോലും ഇടപെടാനും നിയന്ത്രിക്കാനും ശ്രമിക്കുന്നു. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ഇവരുടെ നിയമനം പരിശോധിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്ന കേന്ദ്ര നിലപാട് ശരിയല്ല. മാത്രമല്ല, ഹിന്ദുദേശീയതയെ ചോദ്യം ചെയ്യുന്ന ബുദ്ധിജീവികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സാംസ്കാരിക-രാഷ്ട്രീയ നേതാക്കള്‍ എന്നിവരെയെല്ലാം ദേശീയസുരക്ഷ എന്ന പദം ഉപയോഗിച്ച് ദേശദ്രോഹികളായി ചിത്രീകരിക്കുന്ന അപകടകരമായ നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. 

എക്കാലവും രാഷ്ട്രീയവത്കരണത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന സായുധസേനയെയും വരുതിയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്നാണ് മൂന്നാമനെ സര്‍ക്കാര്‍ സൈനിക മേധാവിയാക്കിയത്. എല്ലാ സൈനിക മേധാവികളെയും തന്നിഷ്ടപ്രകാരം നിയമിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസരംഗവും സാംസ്കാരിക രംഗവും ഹിന്ദുത്വശക്തികളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭരണരംഗത്തും ബഹുജനങ്ങള്‍ക്കിടയിലും ഹിന്ദുത്വ വര്‍ഗീയ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്. ആര്‍.എസ്.എസ്് എന്ന ബഹുമുഖ സംവിധാനം ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇത്തരം ശ്രമങ്ങളെ ഒറ്റപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജോണ്‍ഫെര്‍ണാണ്ടസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്വാമി സന്ദീപാനന്ദഗിരി, കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ്, എസ്. സതീഷ്, പി. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - DYFI All-India Conference in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.