മരുന്നുക്ഷാമം: ആരോഗ്യവകുപ്പ് ഇടപെട്ടിട്ടും പരിഹാരം അകലെ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഇടപെടലുകൾ തുടങ്ങിയെങ്കിലും പരിഹരിക്കാനാവാതെ മരുന്നുക്ഷാമം. ഡോക്ടർ എഴുതിനൽകുന്ന കുറിപ്പടിയിൽ ഭൂരിഭാഗവും പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതി തുടരുകയാണ്. നേരേത്ത ജനറൽ ആശുപത്രികൾ വരെയായിരുന്നു പ്രതിസന്ധിയെങ്കിൽ ഇപ്പോൾ മെഡിക്കൽ കോളജുകളിലെത്തുന്ന രോഗികളും നെട്ടോട്ടത്തിലാണ്.

നിയമസഭയിലും പുറത്തും മരുന്നുക്ഷാമമില്ലെന്ന് ആവർത്തിച്ച ആരോഗ്യമന്ത്രി ഒടുവിൽ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കാരുണ്യ ഫാര്‍മസികളില്‍ ഇടപെട്ടിരുന്നു. ഒമ്പത് മെഡിക്കല്‍ കോളജുകളിലെ കാരുണ്യ ഫാര്‍മസികളില്‍ പ്രത്യേക ജീവനക്കാരെ നിയോഗിച്ചായിരുന്നു നീക്കം.

എന്നാൽ, ആവശ്യത്തിന് മരുന്നില്ലാതെ ജീവനക്കാരെ നിയമിച്ചിട്ട് കാര്യമുണ്ടോ എന്നാണ് രോഗികളുടെ ചോദ്യം. ജനറിക് മരുന്നുകള്‍ എഴുതാനാണ് ഡോക്ടർമാർക്ക് നിർദേശം നൽകിയതെന്നും ഡോക്ടര്‍മാര്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ എഴുതുന്നത് മൂലം കാരുണ്യ ഫാര്‍മസികളില്‍ ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ പുതിയ വിശദീകരണം.

വിലകൂടിയ മരുന്നുകള്‍ പലതും കാരുണ്യ ഫാര്‍മസികളിൽ ലഭ്യമല്ല. രോഗത്തിന്‍റെ അവശതയും ഒ.പി ടിക്കറ്റ് കിട്ടാനുള്ള കാത്തിരിപ്പിനും പിന്നാലെയാണ് കൈ പൊള്ളും വിലനൽകി പുറത്തുനിന്ന് മരുന്ന് വാങ്ങേണ്ടിവരുന്നത്.

ടെൻഡർ നടപടികൾ വൈകിയതാണ് മരുന്ന് ക്ഷാമത്തിനുള്ള പ്രധാന കാരണം. മാർച്ചിൽ തീർക്കേണ്ട 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചത് മേയിലാണ്. ഇതിനനുസരിച്ച് കരാർ ഒപ്പിടലും നിരതദ്രവ്യം കെട്ടിവെക്കലും പർച്ചേസ് ഓർഡർ നൽകലുമെല്ലാം വൈകി.

ജീവിതശൈലീ രോഗങ്ങൾക്കടക്കമുള്ള മരുന്നുകൾ ഒരു മാസത്തേക്ക് നൽകുന്ന സ്ഥിതിയുണ്ടായിരുന്നു. സ്റ്റോക്ക് കുറഞ്ഞ സാഹചര്യത്തിൽ കുറഞ്ഞ ദിവസത്തേക്കുള്ള മരുന്നാണ് പലയിടത്തും നൽകുന്നത്.

Tags:    
News Summary - Drug shortage: the solution is far away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.