ദൃഷാന (ഫയൽ ചിത്രം), ദൃഷാനയുടെ അമ്മാവനും അമ്മയും
കോഴിക്കോട്: വടകര ചോറോട് കാറിടിച്ച് ഒമ്പതു വയസ്സുകാരി ദൃഷാന ഒരുവർഷത്തിലേറെയായി കോമയിലാവുകയും മുത്തശ്ശി മരിക്കുകയുംചെയ്ത കേസിൽ കാറോടിച്ച പ്രതി ഷെജീലിന് കോടതി ജാമ്യം നൽകിയതിനെതിരെ ദൃഷാനയുടെ കുടുംബം. പ്രതി റിമാൻഡിലാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ജാമ്യം ലഭിച്ചു. കോയമ്പത്തൂരിൽ വിമാനം ഇറങ്ങി പൊലീസ് ചെലവിൽ വടകരയിലെത്തി ജാമ്യം നേടി പ്രതി വീട്ടിൽ പോയി. ഇത്തരം കാര്യങ്ങൾ നിസാര കേസായി കാണരുതെന്നും ദൃഷാനയുടെ കുടുംബം പ്രതികരിച്ചു.
ദൃഷാനയെ വെല്ലൂരിൽ കൊണ്ടുപോയി ചികിത്സിക്കാൻ ആലോചനയുണ്ടെന്നും സഹായം വേണമെന്നും കുടുംബം പറഞ്ഞു. വാഹനാപകടത്തിൽ കാർ ഓടിച്ച പുറമേരി മീത്തലെ പുനത്തിൽ ഷെജീലിന് (35) വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നൽകിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരമായിരുന്നു കേസ്. മിനിഞ്ഞാന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2024 ഫെബ്രുവരി 17നാണ് വടകരക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ രാത്രി ഒമ്പതുമണിയോടെ അപകടമുണ്ടായത്. പുത്തലത്ത് ബേബി മരിക്കുകയും കൂടെയുണ്ടായിരുന്ന പേരക്കുട്ടി ദൃഷാനക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ ഷെജീൽ കാർ നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. ഷെജീൽ ഭാര്യക്കും മക്കൾക്കുമൊപ്പം വടകരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദേശീയ പാതയിൽ വെച്ച് ദൃഷാനയെയും ബേബിയെയും ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയത്. പിൻസീറ്റിലിരുന്ന മക്കൾ മുൻ സീറ്റിലിരിക്കാൻ വാശിപിടിച്ചതോടെയാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്.
സംഭവത്തിൽ കേസിന്റെ ചുരുളഴിഞ്ഞത് പ്രതി ഇൻഷുറൻസ് ക്ലെയിം ചെയ്തതിലൂടെയാണ്. ഷെജീലിന്റെ മാരുതി സ്വിഫ്റ്റ് കാറിന്റെ മുൻഭാഗം ഇടിയുടെ ആഘാതത്തിൽ തകർന്നിരുന്നു. പുറമേരി വെള്ളൂർ റോഡിലെ വർക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് കയറ്റിയ കാർ മതിലിലിടിച്ച് തകർന്നതാണെന്ന് ഇൻഷുറൻസ് കമ്പനിക്ക് വ്യാജ വിവരം നൽകി നഷ്ടപരിഹാരം വാങ്ങുകയായിരുന്നു.
അഞ്ഞൂറിലധികം കാർ വർക് ഷോപ്പുകളിൽ കയറിയിറങ്ങിയ അന്വേഷണസംഘം 19,000 വാഹനങ്ങളും അരലക്ഷത്തോളം ഫോൺ കോളുകളും കേസിൽ പരിശോധിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വർക്ക് ഷോപ്പുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനിടെയാണ് വെള്ളൂരിലെ വർക്ക് ഷോപ്പിൽനിന്ന് അറ്റകുറ്റപ്പണി നടത്തിയ കാറിന് നാഷനൽ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 30,000 രൂപ അനുവദിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ കാറാണ് ദൃഷാനയെയും ബേബിയെയും ഇടിച്ച് തെറിപ്പിച്ചതെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.