ഡോ. വി. വേണു പുതിയ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി

തിരുവനന്തപുരം: വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിനെ റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ ജനുവരി 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് മാറ്റം. വനം, വന്യജീവി വകുപ്പ് ഒഴികെയുള്ള അധിക ചുമതലകള്‍ തുടര്‍ന്നും വി. വേണു തന്നെ നിര്‍വഹിക്കും.

ആസൂത്രണ-സാമ്പത്തിക കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ വനം, വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും നല്‍കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിഹ്നക്ക്​ നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ പൊതുഭരണവകുപ്പിന്‍റെ അധിക ചുമതല നല്‍കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന് ഊര്‍ജം, പരിസ്ഥിതി വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കാനും യോഗം തീരുമാനിച്ചു.

മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്സ്. അനില്‍ വിരമിക്കുന്ന മുറയ്ക്ക് അദ്ദേഹം വഹിച്ചിരുന്ന എല്ലാ വകുപ്പുകളും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ സിങ്ങിന് അധിക ചുമതലയായി നല്‍കും. ഹയര്‍സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടര്‍ ബി.എസ് തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ പൊതുഭരണം (എ.ഐ.എസ്) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല ഇദ്ദേഹം വഹിക്കും.

പത്തനംതിട്ട എ.ഡി.എം വി.ആര്‍. പ്രേംകുമാറിനെ ഹയര്‍സെക്കൻഡറി ഡയറക്ടറായി മാറ്റി നിയമിക്കും. അസാപ് സി.ഇ.ഒയുടെ അധിക ചുമതല തുടര്‍ന്നും അദ്ദേഹം തന്നെ വഹിക്കും. കെ.എസ്.ആര്‍.ടി.സി. മാനേജിങ്​ ഡയറക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന ടോമിന്‍ .ജെ തച്ചങ്കരിക്കു പകരം കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശിനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

തസ്തികകള്‍

2015-16 അധ്യയനവര്‍ഷം പുതുതായി അനുവദിച്ച ഏയ്​ഡഡ് ഹയര്‍സെക്കൻഡറി സ്കൂളുകളിലും ബാച്ചുകളിലുമായി 662 തസ്തികകള്‍ സൃഷ്ടിക്കാനും 116 തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ധനകാര്യവകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായാണ് തസ്തികകള്‍ സൃഷ്ടിക്കുക. പുതിയ തസ്തികകളില്‍ 258 എണ്ണം ഹയര്‍സെക്കൻഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ആണ്. 2019-20 അധ്യയന വര്‍ഷം മുതലാണ് തസ്തികകള്‍ സൃഷ്ടിക്കുക.

സംസ്ഥാനത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ 195 അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തസ്തികകള്‍ സൃഷ്ടിക്കും. കേരള സര്‍വകലാശാലയിലെ കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍റ് ബയോ ഇന്‍ഫര്‍മാറ്റിക്സ് പഠന വകുപ്പില്‍ ഏഴ്​ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി അനുമതി നല്‍കുകയും ചെയ്യും.
ഒ.ഡി.ഇ.പി.സി മാനേജിംഗ് ഡയറക്ടറായി കെ.എ. അനൂപിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനിച്ചു.

ഔട്ടര്‍ റിങ്ങ് റോഡ്

വിഴിഞ്ഞത്തു നിന്ന് പാരിപ്പള്ളി വരെ 80 കി.മീ നീളത്തില്‍ 70 മീറ്റര്‍ വീതിയുള്ള ഔട്ടര്‍ റിങ്ങ് റോഡ് ദേശീയപാത അതോറിറ്റി വഴി നിര്‍മിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചു. റോഡ്​ നിര്‍മാണത്തിന്‍റെ മുഴുവന്‍ ചെലവും സ്ഥലമേറ്റെടുക്കലിന്‍റെ 50 ശതമാനം ചെലവും ദേശീയപാത അതോറിറ്റി വഹിക്കണമെന്ന വ്യവസ്ഥയില്‍ ധനവകുപ്പിന്‍റെ കണ്ടെത്തലുകള്‍ക്ക് വിധേയമായാണ് പദ്ധതി നടപ്പാക്കുക. ഈ റോഡില്‍ നിന്ന് മംഗലപുരത്തേക്ക് ലിങ്ക് ഉണ്ടാകും.

ചികിത്സാ സഹായം

2018 ആഗസ്​തിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഗുരുതരമായി പരിക്കേറ്റ പാലക്കാട് ചിറ്റൂര്‍ താലൂക്കിൽ അളവുശേരിയിലുള്ള അഖിലക്ക്​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ചികിത്സാ സഹായമായി 5.29 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ അനുവദിച്ച ഏഴു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഈ സഹായം.

ഏഴ്​ സ്റ്റീല്‍ നടപ്പാലങ്ങള്‍

വടകര-മാഹി കനാലിന്‍റെ മൂഴിക്കലിനും തുരുത്തിക്കും ഇടയിലുള്ള 17 കി.മീറ്റര്‍ ഭാഗത്ത് ദേശീയ ജലപാത നിലവാരത്തില്‍ ഏഴ്​ സ്റ്റീല്‍ നടപ്പാലങ്ങള്‍ 8.68 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കും. സംസ്ഥാനത്തെ ഹോംഗാര്‍ഡുമാരുടെ ദിവസവേതനം 750 രൂപയായി (പ്രതിമാസം പരമാവധി 21,000 രൂപ) ഉയര്‍ത്താനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. സംസ്ഥാനത്തെ പ്ലാന്‍റേഷന്‍ ടാക്സ് ഒഴിവാക്കുന്നതിന് 1960-ലെ കേരള തോട്ടം ഭൂമി നികുതി ആക്ട് റദ്ദാക്കുന്നതിന് നിയമം കൊണ്ടുവരും. ഇത് സംബന്ധിച്ച കേരള തോട്ടം ഭൂമി നികുതി (റദ്ദാക്കല്‍) ബില്ലിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു.

മാലിന്യ സംസ്കരണ പ്ലാന്‍റ്

മൂന്നാറില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൈവറ്റ് ലിമിറ്റഡ് വിട്ടു നല്‍കുന്ന ഭൂമിയില്‍ മാലിന്യ സംസ്കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിന് (വേസ്റ്റ് ടു എനര്‍ജി) അനുമതി നല്‍കും. ഇതിനായി മൂന്നാര്‍, ദേവികുളം ഗ്രാപഞ്ചായത്തുകളും എ.ജി.ഡോട്ടേഴ്സ് വേസ്റ്റ് പ്രോസസ്സിങ്ങ് പ്രൈവറ്റ് ലിമിറ്റഡും കണ്ണന്‍ ദേവന്‍ കമ്പനിയും തമ്മില്‍ ത്രികക്ഷി കരാര്‍ ഒപ്പിടുന്നതിന് അനുമതി നല്‍കാനും തീരുമാനമായി.

Tags:    
News Summary - Dr. V. Venu has been appointed as new revenue principle secretary cabinet meeting -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.