കോവിഡ് പ്രതിസന്ധിക്കിടയിലും കെ.എസ്.ആർ.ടി.സിക്ക് 2000കോടി: ഇനിയും ഇടങ്കോലിടാൻ ശ്രമിക്കുന്നവർ ശത്രുക്കളെന്ന് മന്ത്രി ഐസക്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി രണ്ടാം പാക്കേജിന്‍റെ തുടക്കം ജീവനക്കാരുടെ അടിയന്തര ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണെന്നും ഇടങ്കോലിടാൻ ശ്രമിക്കുന്നവർ ആരായാലും അവർ കെ.എസ്.ആർ.ടി.സിയുടെ ശത്രുക്കളാണെന്നം ധനമന്ത്രി  ഡോ.ടി.എം തോമസ് ഐസക്.

ഇന്നത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് വരുമാനം വർധിപ്പിക്കുകയും ചെലവു കുറയ്ക്കുകയും വേണം. ഇതിന് തുറന്ന മനസോടെയുള്ള ചർച്ചകൾക്ക് ഈ നടപടി വഴിയൊരുക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. 2000 കോടിയോളം രൂപയാണ് ഈ കോവിഡ് പ്രതിസന്ധിയിലും കെ.എസ്.ആർ.ടി.സിക്കുവേണ്ടി സർക്കാർ ചെലവഴിക്കുന്നതെന്ന് ഓർക്കണമെന്നും ഐസക് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രധാന പ്രഖ്യാപനം കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് എന്ന പുതിയ സബ്സിഡിയറി കമ്പനിയെക്കുറിച്ചാണ്. "എംപാനൽ ജീവനക്കാരെ പിരിച്ചുവിടുന്നതല്ല. കോടതി വിധിയുടെ അടിസ്ഥാനത്തിൽ 10 വർഷം സേവനമുള്ളവരും പി.എസ്.സി, എംപ്ലോയ്മെന്‍റുവഴി നിയമനം ലഭിച്ചവരെയും മാത്രമേ സ്ഥിരപ്പെടുത്തുന്നതിനു പരിഗണിക്കാനാവൂ.

ബാക്കിയുള്ളവരെ ഘട്ടംഘട്ടമായി കെ.എസ്.ആർ.ടി.സിയുടെ സബ്സിഡിയറി കമ്പനിയായി രൂപീകരിക്കുന്ന സ്വിഫ്റ്റ് എന്ന സ്ഥാപനത്തിൽ തുടർന്നും തൊഴിൽ നൽകും. സ്കാനിയ, വോൾവോ ബസുകൾ, ദീർഘദൂര സ്ലീപ്പർ ബസുകൾ, പുതിയതായി കിഫ്ബി വഴി വാങ്ങുന്ന ബസുകൾ തുടങ്ങിയവ ഈ കമ്പനി വഴിയായിരിക്കും ഓപ്പറേറ്റ് ചെയ്യുക" -ഐസക് പറഞ്ഞു.

കിഫ്ബി ഇപ്പോൾ 348 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. 310 സി.എൻ.ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങാനാണ് വായ്പ ഉപയോഗപ്പെടുത്തുക. ഇതിനുപുറമേ 400 ഡീസൽ ബസുകൾ എൽ.എൻ.ജിയിലേയ്ക്ക് രൂപമാറ്റം വരുത്തുന്നതിനുള്ള പണവും ഇതിൽ നിന്നും ലഭ്യമാകും. ഇതുവഴി 30 ശതമാനം ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനു കഴിയും. ഇതിന് കിഫ്ബി നിബന്ധനയായി വെച്ചിട്ടുള്ളത്, കെ.എസ്.ആർ.ടി.സിക്കു കീഴിൽ ഒരു സ്പെഷ്യൽ പർപസ് വെഹിക്കിൾ രൂപീകരിക്കണം എന്നതാണ്. ഈ കമ്പനിയ്ക്കാണ് വായ്പ അനുവദിക്കുകയെന്നും ഐസക് പറഞ്ഞു.

ഇപ്പോൾ നിലവിലുള്ള ലീസിനെടുത്തിട്ടുള്ള 38 സ്കാനിയ വോൾവോ ബസുകൾ, 190 വോൾവോ ജെൻറം ബസുകളും പുതിയ കമ്പനിയുടെ കീഴിലായിരിക്കും ഇനി ഓടുക. ഇതിനു പുറമെ, 8 സ്ലീപ്പർ ബസുകളും 24 സെമി സ്ലീപ്പർ ബസുകളും വാങ്ങുന്നതിന് പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തും. 1220 ബസുകളാണ് പുതിയ സബ്സിഡിയറി കമ്പനിയിലുണ്ടാകുക. 3600 ഓളം എംപാനലുകാർക്ക് ഇവിടെ ജോലി നൽകുന്നതിന് ഇപ്പോൾ കഴിയും. കിഫ്ബി തിരിച്ചടവ് കഴിഞ്ഞ് ലാഭം വരുന്ന തുക കെ.എസ്.ആർ.ടി.സിയിലേക്ക് നൽകും.

ഈ പ്രവർത്തനങ്ങൾ സുഗമമായി നടക്കുകയാണെങ്കിൽ രണ്ടാംഘട്ട വായ്പ കൂടി നൽകുന്ന കാര്യം കിഫ്ബി പരിഗണിക്കും. 600 ബസുകൾ വാങ്ങാൻ സഹായം വേണമെന്നാണ് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ഗഡു സഹായവും കൂടി ലഭിക്കുമ്പോൾ 3 വർഷം കൊണ്ട് കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസുകളും സി.എൻ.ജി, എൽ.എൻ.ജി, ഇലക്ട്രിസിറ്റി എന്നിവയിലേയ്ക്ക് മാറും. ഇന്ധനച്ചെലവിൽ ഇപ്പോഴുള്ള തുകയിൽ നിന്ന് 40 – 50 ശതമാനം കുറവു വരുത്താനാകും. പ്രതിമാസം 25 – 40 കോടി രൂപ ചെലവു കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

എന്റെ ബജറ്റ് പ്രസംഗത്തിൽ തിരുവനന്തപുരം നഗരത്തിലെ മലിനീകരണ സാധ്യത പരമാവധി കുറക്കുന്ന ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ഗ്രീൻ സിറ്റിയായി മാറ്റുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇത് എന്ന് നടക്കുമെന്ന് സോഷ്യൽ മീഡിയയിൽ ചിലർ പരിഹസിച്ചു കണ്ടു. കിഫ്ബിയുടെ ഒന്നാംഗഡു വായ്പ വഴി വാങ്ങുന്ന പുതിയ സി.എൻ.ജി / ഇലക്ട്രിക് / എൽ.എൻ.ജി ബസുകൾ തിരുവനന്തപുരം നഗരത്തിലാണ് വിന്യസിക്കുക. അതോടെ പബ്ലിക് ട്രാൻസ്പോർട്ടിനെ സംബന്ധിച്ച് തിരുവനന്തപുരം ഗ്രീൻ സിറ്റിയായി മാറുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.