കാന്തപുരം പറഞ്ഞത് അദ്ദേഹത്തിന്റെ വിശ്വാസം, നമ്മുടെ വിശ്വാസം അതല്ല -തോമസ് ഐസക്

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസമാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അം​ഗം തോമസ് ഐസക്. ‘കാന്തപുരത്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസം. നമ്മുടെ വിശ്വാസം അതല്ല. ഞങ്ങൾ വിശ്വസിക്കുന്നത് സ്ത്രീ പുരുഷ സമത്വത്തിലാണ്. ഏതായാലും കാന്തപുരത്തിനോട് ഞങ്ങൾക്ക് ഒരു ബഹുമാനമുണ്ട്. മുസ്‍ലിം മതരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയാത്തവരാണ്. ജമാഅത്തെ ഇസ്‍ലാമിയെ പോലെയല്ല. സ്ത്രീക്ക് രണ്ടാം സ്ഥാനം കൽപ്പിക്കുന്നത് മതത്തിൽ മാത്രമല്ല, സർവതലത്തിലുമുണ്ട്. സ്ത്രീക്ക് തുല്യത വേണമെന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഞങ്ങളുടെ പാർട്ടിയിലും ആ രീതിയിലുള്ള പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കും. പാർട്ടി സ്ഥാനങ്ങളിൽ വനിതകൾ വരും. നേതൃത്വത്തിൽ വനിതാ പ്രതിനിധ്യം സംബന്ധിച്ച പോരായ്മ തിരിച്ചറിയുന്നവരാണ് ഞങ്ങൾ. ബോധ പൂർവ്വം തിരുത്താൻ ശ്രമിക്കുന്നുണ്ട്’ -തോമസ് ഐസക് പറ‍ഞ്ഞു.

പിപിഇ കിറ്റ് വാങ്ങിയതിൽ ഒരു അപാകതയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ‘കോവിഡ് കാലത്ത് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. സിഎജി എന്ത് ഡാറ്റയാണ് അടിസ്ഥാനപ്പെടുത്തിയത്. തനിക്ക് എമർജൻസി പർച്ചേസ് കമ്മിറ്റിയിലാണ് വിശ്വാസം. ബിജെപിയുടെ സിഎജിയെ അല്ല, സിഎജി രാഷ്ട്രീയം കളിക്കുകയാണ്. സിഎജി കേരളത്തിനെതിരായ കുരിശു യുദ്ധത്തിന്റെ ഭാഗമാണ്. മിക്ക ഭരണഘട സ്ഥാപനങ്ങളും ബിജെപി രാഷ്ട്രീയവൽക്കരിച്ചു. അതിന് കൈമണിയടിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷം. പിപിഇ കിറ്റ് വാങ്ങിയത് ഗുണമേന്മ നോക്കിയാണ്’ -തോമസ് ഐസക് പറഞ്ഞു.

അന്യപുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമംചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ നിലപാടിനെതിരെ എം.വി. ഗോവിന്ദൻ പരോക്ഷ വിമർശനം നടത്തിയിരുന്നു. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യംപിടിക്കുന്നവർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നുമാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടിവരുമെന്നും അദ്ദേഹം ഓ‍ർമിപ്പിച്ചു. സി.പി.എം പാലക്കാട് ജില്ല സമ്മേളനത്തിനെത്തിയ ഗോവിന്ദൻ വാർത്തലേഖകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

പുരുഷന്മാരും സ്ത്രീകളും ഇടകലർന്നുള്ള ഏതു പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്ന് നേരത്തെ മെക് 7 വ്യായാമത്തിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നിലപാടെടുത്തിരുന്നു. സമുദായത്തെ പൊളിക്കാനുള്ളതാണ് അത്തരം പദ്ധതികളെന്നും വിശ്വാസ സംരക്ഷണമാണ് പ്രധാനമെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് കണ്ണൂർ ജില്ലയിലെ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ലെന്ന് അബൂബക്കർ മുസ്‌ലിയാർ ചൂണ്ടിക്കാട്ടിയത്. 'ഇസ്‌ലാമിന്‍റെ നിയമങ്ങൾ ആലിമീങ്ങൾ പറയും. മറ്റുള്ള മതക്കാർ അതിൽ കടന്ന് കൂടി വന്നിട്ട് ഇസ്‌ലാമിന്‍റെ വിധി, അതിവിടെ നടപ്പാകൂല എന്ന് പറഞ്ഞാൽ... ഇന്നൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയിൽ തന്നെ, അയാളുടെ ജില്ലയിൽ 18 ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തിരിക്കുന്നു. ഈ 18ഉം പുരുഷൻമാരാണ്. ഒറ്റ പെണ്ണിനെയും അവർക്ക് കിട്ടീട്ടില്ല....' -എന്നിങ്ങനെയായിരുന്നു എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസംഗം.

Tags:    
News Summary - Dr T M Thomas Isaac reply to kanthapuram AP Aboobacker Musliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.