കൂത്താട്ടുകുളം: ആയുർവേദ നേത്രരോഗ ചികിത്സവിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി ഗവേഷണകേന്ദ്രം മാനേജിങ് ഡയറക്ടറുമായ ഡോ. എൻ.പി.പി. നമ്പൂതിരി (68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ച 5.50നായിരുന്നു അന്ത്യം. രോഗബാധയെത്തുടർന്ന് കുറെ നാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നെല്യക്കാട്ട് മനയിൽ സംസ്കരിച്ചു.
നേത്രരോഗ ചികിത്സ സംബന്ധിച്ച് ഗവേഷണം നടത്തി ദേശീയ-അന്തർദേശീയതലങ്ങളിൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കണ്ണിനെ ബാധിക്കുന്ന ചില രോഗങ്ങൾ ആയുർവേദ ചികിത്സയിലൂടെ ഭേദമാക്കാമെന്ന് തെളിയിച്ച അദ്ദേഹം കാഴ്ചയുടെ തമ്പുരാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. കൂത്താട്ടുകുളം നെല്യക്കാട്ട് ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും പൈങ്ങോട്ടില്ലത്ത് പാർവതി അന്തർജനത്തിെൻറയും മകനായി 1949 ഒക്ടോബർ 29നാണ് ജനനം. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജിൽനിന്ന് ബിരുദം നേടി. 1977ൽ ആയുർവേദ ഡോക്ടറായി സംസ്ഥാന സർക്കാറിൽ സേവനമാരംഭിച്ചു. കോട്ടയം ജില്ല ചീഫ് മെഡിക്കൽ ഓഫിസറായി 2004ൽ സർക്കാർ സർവിസിൽനിന്ന് വിരമിച്ചു.
സംസ്ഥാന സർക്കാറിെൻറ ഭിഷഗ് രത്ന പുരസ്കാരം, വാഗ്ഭട പുരസ്കാരം, ഓസ്കാർ ഓഫ് ഇന്ത്യൻ ഹെൽത്ത് കെയറിെൻറ ബെസ്റ്റ് ഡോക്ടർ ഓഫ് ദി ഇയർ പുരസ്കാരം, മഹർഷി പുരസ്കാരം, ഇന്ത്യൻ ബോർഡ് ഓഫ് ഒാൾട്ടർനേറ്റിവ് മെഡിസിൻ പുരസ്കാരം, രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം ഫെേലാഷിപ്, പ്രൈഡ് ഓഫ് ഇന്ത്യ പുരസ്കാരം, രാഷ്ട്രീയ രത്തൻ പുരസ്കാരം, വോയ്സ് ഓഫ് ഗൾഫ് റിട്ടേണീസ് എക്സലൻസ് പുരസ്കാരം, കേന്ദ്ര മനുഷ്യാവകാശ മിഷൻ ദേശീയ പുരസ്കാരം, അന്താരാഷ്ട്ര ഗോൾഡ് സ്റ്റാർ മില്ലേനിയം പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ആയുർവേദ നേത്ര ചികിത്സയെക്കുറിച്ച സഹസ്ര നേത്രയോഗം എന്ന പുസ്തകത്തിെൻറ രചയിതാവാണ്.
ആയുർവേദ സ്പെഷലിസ്റ്റ് മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്, സെക്രട്ടറി, ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ്, ഹെർബൽ പ്ലാൻറ് പ്രമോഷൻ ബോർഡ് ഡിസ്ട്രിക്റ്റ് ചെയർമാൻ, നാഷനൽ ജെറിയാട്രിക് ബോർഡ് അംഗം, ശ്രീശങ്കര ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: അമനകര പുനത്തിൽ ഇല്ലത്ത് ജയശ്രീ പി. നമ്പൂതിരി. മക്കൾ: ഡോ. ശ്രീകല, ശ്രീരാജ്, ഡോ. ശ്രീകാന്ത് (ആയുർവേദ ആശുപത്രി തൊടുപുഴ), ശ്രീദേവി. മരുമക്കൾ: ബിജു പ്രസാദ് കോട്ടയം (സി.ഇ.ഒ ശ്രീധരീയം), ശ്രുതി പാലക്കാട്, ഡോ. അഞ്ജലി, ഉദനേശ്വര പ്രസാദ്. സഹോദരൻ: എൻ.പി. നാരായണൻ നമ്പൂതിരി (ചെയർമാൻ ശ്രീധരീയം ഗ്രൂപ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.