കോട്ടയം: ഓർത്തഡോക്സ് സഭാധ്യക്ഷനായി ഡോ. മാത്യൂസ് സേവേറിയോസ് മെത്രാപ്പോലീത്തയെ എപ്പിസ്കോപ്പൽ സിനഡ് നാമനിർദേശം ചെയ്തു. അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷന് യോഗത്തിന് മുന്നോടിയായി വ്യാഴാഴ്ച സഭ ആസ്ഥാനമായ ദേവലോകത്ത് ചേർന്ന സിനഡിലാണ് ധാരണ. വെള്ളിയാഴ്ച മാനേജിങ് കമ്മിറ്റിയിൽ ഇതിന് അംഗീകാരം നൽകിയശേഷം ഔദ്യോഗികമായി അറിയിക്കും. മലങ്കര അസോസിയേഷൻ യോഗത്തിലാകും അന്തിമപ്രഖ്യാപനം.
കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായ മാത്യൂസ് സേവേറിയോസ് മെത്രാപ്പോലീത്ത സഭ തർക്കത്തിൽ തീവ്രനിലപാടുകൾ സ്വീകരിക്കുന്നയാളാണ്. ഇത് അദ്ദേഹത്തിന് അനുകൂലമായതായാണ് സൂചന. ഒന്നിലധികം മെത്രാപ്പോലീത്തമാർ ആദ്യം കത്തോലിക്ക പദവിക്കായി രംഗത്തെത്തിയെങ്കിലും ഒടുവിൽ സമവായത്തിലൂടെ സേവേറിയോസിെൻറ പേരിലേക്ക് എത്തുകയായിരുന്നു. സുന്നഹദോസിൽ കാതോലിക്ക സ്ഥാനത്തേക്ക് ഏകാഭിപ്രായം ഉണ്ടായില്ലെങ്കിൽ വോട്ടെടുപ്പിലൂടെ തീരുമാനിക്കുന്നതാണ് രീതി.
ഒക്ടോബർ 14ന് പരുമലയിൽ ചേരുന്ന മലങ്കര അസോസിയേഷൻ യോഗം സിനഡ് നിർദേശം അംഗീകരിക്കുന്നതോടെ അടുത്ത കാതോലിക്ക ബാവയും മലങ്കര മെത്രാപ്പോലീത്തയുമായി ഡോ. മാത്യൂസ് സേവേറിയോസ് അവരോധിക്കപ്പെടും. പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അന്തരിച്ചതോടെയാണ് പുതിയ കാതോലിക്ക ബാവയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. എപ്പിസ്കോപ്പല്‍ സുന്നഹദോസിെൻറ മുന്‍ സെക്രട്ടറിയും വര്‍ക്കിങ് കമ്മിറ്റി അംഗവുമായ സേവേറിയോസ്, അന്തരിച്ച കാതോലിക്ക ബാവയുടെ അസിസ്റ്റൻറായും സേവനമനുഷ്ഠിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.