ഡോ. ഹാരിസ് ചിറക്കൽ
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന് തുറന്നുപറഞ്ഞതിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ അവധിയിൽ പ്രവേശിച്ചു. ഒരാഴ്ചത്തേക്കാണ് അവധി. യൂറോളജി വിഭാഗം മേധാവിയുടെ പകരം ചുമതല ഡോ. സാജുവിന് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാർ കൈമാറി.
ശാരീരിക പ്രശ്നങ്ങൾ കാരണമാണ് അവധിയെന്നാണ് വിവരം. അവധി നീട്ടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാകും കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുക. അതിന് ഒരാഴ്ച സമയമുണ്ട്. കൂടുതൽ സമയം വേണമെങ്കിൽ ആവശ്യപ്പെടാം. അതേസമയം, ഡോ. ഹാരിസിനെതിരെ കടുത്ത നടപടി വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്.
ഇതിനിടെ തന്റെ ആരോപണങ്ങൾ അന്വേഷിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് വിവരാവകാശ നിയമപ്രകാരം വാങ്ങാൻ ഡോ. ഹാരിസ് നീക്കം തുടങ്ങി. അതേസമയം, ഉപകരണത്തിന്റെ ഭാഗം കാണാതായത് ഡോ. ഹാരിസിന്റെ കാലത്തല്ലെന്നും രണ്ട് വർഷം മുമ്പാണെന്നും ആരോഗ്യ മന്ത്രി നിലപാട് തിരുത്തിയിരുന്നു.
ഉപകരണം കാണാതായത് ഡോ. ഹാരിസിന്റെ തലയിൽ ചാർത്തേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.