‘മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സി.പി.എമ്മും എന്റെ ഒപ്പം നിന്നവർ, എന്റെ ഫേസ്ബുക് പോസ്റ്റ് അവർക്കെതിരെ ഉപയോഗിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി’ -ഡോ. ഹാരിസ് ചിറക്കൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സി.പി.എമ്മും എന്നും തന്റെ ഒപ്പം നിന്നവരാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണക്ഷാമം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ യൂ​റോ​ള​ജി വകുപ്പ് തലവൻ ഡോ. ​ഹാ​രി​സ്​ ചി​റ​യ്​​ക്ക​ൽ. അവർക്കെതിരെ തന്റെ ഫേസ്ബുക് പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

‘താൻ സ്വീകരിച്ച മാർഗം തെറ്റാണെന്ന് അറിയാം. എന്നാൽ, അതല്ലാത്ത മാർഗമില്ലാത്തതിനാലാണ് ഈ വഴി തെരഞ്ഞെടുത്തത്. സർക്കാറിനെതിരെയല്ല, ബ്യൂറോക്രസിയുടെ നിരുത്തരവാദ സമീപനത്തിനെതിരെയാണ് പ്രതികരിച്ചത്. അന്വേഷണ സം​ഘത്തിന് സഹപ്രവർത്തകരും അനുകൂലമായാണ് മൊഴി നൽകിയതെന്നാണ് അറിയാൻ കഴിഞ്ഞത്. ഫേസ്ബുക്കിൽ എഴുതിയതും മാധ്യമങ്ങളോട് പറഞ്ഞതുമായ കാര്യങ്ങളിൽ തെറ്റില്ല. എല്ലാ വിവരങ്ങളും തെളിവുകളും അന്വേഷണ സമിതിയെ ഏൽപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ വൃന്ദത്തിലൂടെയുള്ള നടപടികൾ ലളിതമാക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. പ്രശ്നം തുറന്നു പറഞ്ഞതിന് പിന്നാലെ ഫലമുണ്ടായതിൽ സന്തോഷമുണ്ട്. അതിനായി സ്വീകരിച്ച മാർഗം ശരിയായില്ലെന്ന് അറിയാം. കഴിഞ്ഞ രണ്ടുമൂന്നു ദിവസം കടുത്ത സമ്മർദത്തിലായിരുന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സി.പി.എമ്മും എന്നും എന്റെ ഒപ്പം നിന്നിട്ടുണ്ട്. കോട്ടയത്ത് നിന്ന് ഞാൻ അപേക്ഷിക്കാതെ ഇങ്ങോട്ട് ട്രാൻസ്ഫർ തന്നത് അവരാണ്. അവർക്കെതിരെ എന്റെ ഫേസ്ബുക് പോസ്റ്റ് ഉപയോഗിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി. ശിക്ഷയിൽനിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായി ഇതിനെ കാണരുത്. ആത്മാർത്ഥമായി പറയുന്നതാണ്’ -ഡോ. ഹാരിസ് ചിറക്കൽ വ്യക്തമാക്കി.

ഉ​പ​ക​ര​ണ​ക്ഷാ​മം അടക്കമുള്ള കാര്യങ്ങളിൽ നടത്തിയ വെളിപ്പെടുത്തലിന്റെ പേരിൽ ജോലി പോയാലും പ്രശ്നമില്ലെന്നും തനിക്ക് കാര്യമായ ജീവിതച്ചെലവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യക്കും മക്കൾക്കും ജോലി ഉള്ളതിനാൽ ബൈക്കിൽ പെട്രോളടിക്കാനുള്ള പണം മാത്രം മതി തനിക്ക് ജീവിക്കാനെന്നും അദ്ദേഹം പറഞ്ഞു. ‘ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടിക്രമം ലളിതമാക്കണം. അതിനായി നാല് പേജിൽ നിർദേശങ്ങൾ എഴുതി തയാറാക്കി അന്വേഷണ സമിതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. നാളെ ഞാൻ സർവിസിൽ ഇല്ലെങ്കിലും ഇക്കാര്യം നടപ്പാക്കണമെന്ന് ആവശ്യ​​പ്പെട്ടിട്ടുണ്ട്. എന്റെ വെളിപ്പെടുത്തലുകൾ രോഗികൾക്ക് സഹായകരമായി. ഓപറേഷൻ മാറ്റിവെച്ച രോഗികൾ ഓപറേഷൻ കഴിഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് ഡിസ്ചാർജായി പോയി. അവരുടെ പുഞ്ചിരിയാണ് നമുക്കുള്ള ഏറ്റവും വലിയ സമ്മാനം. അതിലാണ് നമുക്കുള്ള സമാധാനം. വെളിപ്പെടുത്തൽ നടത്തിയതിന് ശിക്ഷാ നടപടിയെ ഭയക്കുന്നില്ല. ഡോക്ടർ എന്ന നിലക്ക് ഭയക്കേണ്ട കാര്യമില്ല. ഇതല്ലെങ്കിൽ വേറൊരു ജോലി നമുക്ക് കിട്ടും. അത് കൊണ്ട് ഭയമില്ല. ഞാൻ സർക്കാർ ജോലി തെരഞ്ഞെടുത്തത് സ്വകാര്യ മേഖലയിലോ വിദേശത്തോ ജോലി കിട്ടാത്തത് കൊണ്ടല്ല. സാധാരണ ജനങ്ങളെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടാണ്. എന്ത് ശിക്ഷയും ഏറ്റുവവാങ്ങാൻ തയാറാണ്. ഭാര്യക്കും മക്കൾക്കും ജോലിയുണ്ട്. കടബാധ്യതകളോ ലോണോ ഒന്നുമില്ല. അതിനാൽ വലിയ ജീവിതച്ചെലവില്ല. ബൈക്കിൽ പെട്രോൾ അടിക്കാനുള്ള കാശ് ഉണ്ടായാൽ മതി ജീവിക്കാൻ’ -അദ്ദേഹം പറഞ്ഞു.

‘സസ്പെൻഷൻ ഉണ്ടാകുമെന്ന സൂചനയുള്ളതിനാൽ ഡിപ്പാർട്മെന്റ് തലവൻ എന്ന നിലയിൽ എന്റെ ചുമതലകൾ ജൂനിയർ സഹപ്രവർത്തകർക്ക് കൈമാറിയിട്ടുണ്ട്. സസ്​പെൻഷൻ ഉത്തരവ് കൈപ്പറ്റിയാൽ ഇനി താക്കോൽ കൈമാ​റേണ്ട കാര്യം മാത്രമേ ഉള്ളൂ. ഇന്ന് ഒ.പി നടത്തും. കഴിഞ്ഞ ആഴ്ച ഞാൻ കിഡ്നി മാറ്റിവെച്ച രോഗി ഡിസ്ചാർജ് ആയിട്ടുണ്ട്. അവൻ സുഖമായിരിക്കുന്നുവെന്ന് ഫോൺ വിളിച്ച് വിവരങ്ങൾ അറിഞ്ഞു. സസ്പെൻഷനോ മറ്റ് ശിക്ഷാ നടപടികളോ വന്നാൽ ഡിപ്പാർട്ട്മെന്റ് പ്രവർത്തനം തടസ്സപ്പെടാതിരിക്കാനാണ് ഈ മുൻകരുതൽ’ -അദ്ദേഹം പറഞ്ഞു.

മുമ്പും നിരവധി തവണ തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന് ചെറിയ ചെറിയ ശിക്ഷാ നടപടികൾ നേരിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. ചട്ടലംഘനത്തിന് സാധാരണ സസ്​പെൻഷനാണ് ലഭിക്കുക. ഇപ്പോൾ എന്താണ് ലഭിക്കുക എന്നറിയില്ല. സ്ഥലംമാറ്റമോ സസ്​പെൻഷനോ എന്ത് ലഭിച്ചാലും കുഴപ്പമി​​ല്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ പ്ര​തി​സ​ന്ധി​യെ കു​റി​ച്ചു​ള്ള ഡോ. ​ഹാ​രി​സ്​ ചി​റ​യ്​​ക്ക​ലി​ന്‍റെ പ​രാ​തി​യി​ല്‍, ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി​യു​ടെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്​ ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ മെ​ഡി​ക്ക​ൽ വ​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഡോ. ​വി​ശ്വ​നാ​ഥ​ന് കൈ​മാ​റി​. ഈ ​റി​പ്പോ​ർ​ട്ട്​ ഇന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് ന​ൽ​കും. ഡോ. ​ഹാ​രി​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ങ്ങ​ൾ പ​ല​തും ശ​രി​വെ​ക്കു​ന്ന​താ​ണ് റി​പ്പോ​ർ​ട്ട്. ഉ​പ​ക​ര​ണ​ക്ഷാ​മം നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും അ​ത്​ മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഭാ​വി​യി​ൽ ഇ​തു​പോ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​ൻ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച മൊ​ഴി​യെ​ടു​ക്ക​ലും വി​വ​ര​ശേ​ഖ​ര​ണ​വും ബു​ധ​നാ​ഴ്ച​യും തു​ട​ർ​ന്നു. ആ​ല​പ്പു​ഴ, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി. പ​ത്മ​കു​മാ​ർ, കോ​ട്ട​യം, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ടി.​കെ. ജ​യ​കു​മാ​ർ, ആ​ല​പ്പു​ഴ, മെ​ഡി​ക്ക​ൽ കോ​ള​ജ് നെ​ഫ്രോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ.​എ​സ്. ഗോ​മ​തി, കോ​ട്ട​യം, മെ​ഡി​ക്ക​ൽ കോ​ള​ജ് യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​രാ​ജീ​വ​ൻ അ​മ്പ​ല​ത്ത​റ​ക്ക​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് അ​ന്വേ​ഷ​ണ സ​മി​തി.

Tags:    
News Summary - dr haris chirakkal about pinarayi vijayn and cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.