മുട്ടം (തൊടുപുഴ): രണ്ടുകുട്ടികെള പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20,000 രൂപ പിഴയും ശിക്ഷ. വണ്ടിപ്പെരിയാർ ധർമവാലി സ്വദേശി മാരിമുത്തുവിനെയാണ് (35) ജില്ല അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ശിക്ഷിച്ചത്. വള്ളക്കടവ് ഫോറസ്റ്റ് ഓഫിസിന് എതിർവശം പൊൻനഗർ കോളനിയിലെ വെണ്ണിലയുടെയും തങ്കവേലുവിെൻറയും മക്കളായ ഭഗവതി (17), ശിവ (11) എന്നിവരെയാണ് തീകൊളുത്തി കൊന്നത്.
2013 മാര്‍ച്ച് 21നായിരുന്നു സംഭവം. കുട്ടികൾ മാത്രമുണ്ടായിരുന്ന സമയത്ത് വീട്ടിൽ കയറിയ മാരിമുത്തു ഇവരുടെ ദേഹത്തും മുറിയിലും പെട്രോള്‍ ഒഴിച്ചശേഷം തീവെക്കുകയായിരുന്നു. ഭഗവതിയുടെയും ശിവയുടെയും മാതാപിതാക്കൾ പിരിഞ്ഞുകഴിയുകയായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷക്ക് തയാെറടുക്കുകയായിരുന്നു ഭഗവതി.
വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന മാരിമുത്തുവിന് അമ്മയുമായുള്ള ബന്ധത്തെ ഭഗവതി എതിർക്കുകയും വീട്ടില്‍ വരരുതെന്ന് വിലക്കുകയും ചെയ്തു. ഇതിെല വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. വണ്ടിപ്പെരിയാര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മാസങ്ങൾ അന്വേഷിച്ചെങ്കിലും തുമ്പുണ്ടാക്കാനായില്ല. അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് കാണിച്ച് പിതാവ് തങ്കവേലു നല്കിയ പരാതിയിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മാരിമുത്തു പിടിയിലായത്. കട്ടപ്പനയിൽനിന്ന് മാരിമുത്തുവിനൊപ്പം സെന്തിൽ എന്നൊരാളെയും പ്രതിചേർത്തിരുന്നെങ്കിലും വിചാരണവേളയിൽ ഒഴിവാക്കപ്പെട്ടു.
മാരിമുത്തു മലയാള സിനിമ ‘ഓര്‍ഡിനറി’യിലെ എക്സ്ട്ര നടനാണ്. ഇതിലെ അഭിനയത്തിനുശേഷമായിരുന്നു കൊലപാതകം. സിനിമയിലെ ഇയാളുടെ ചിത്രം കോപ്പിചെയ്തെടുത്താണ് ലുക്ക് ഔട്ട് നോട്ടീസ് തയാറാക്കിയത്. ഇത് കണ്ടാണ് പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. മോഷണവും കഞ്ചാവുകടത്തുമായിരുന്നു മാരിമുത്തുവിെൻറ തൊഴിലെന്ന് കുറ്റപത്രം പറയുന്നു. തീ കൊളുത്തിയതിനെത്തുടർന്ന് ശിവ സംഭവസ്ഥലത്തുതന്നെ മരിച്ചെങ്കിലും ഭഗവതിയുടെ മരണം മണിക്കൂറുകൾക്ക് ശേഷമായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്ന സമയത്ത് ആശുപത്രിയിൽ മരണത്തോട് മല്ലിടുകയായിരുന്നു ഭഗവതി. ‘‘പരീക്ഷയെഴുതിയിട്ട് മരിച്ചാൽ മതി’’ എന്നായിരുന്നു വള്ളക്കടവ് വഞ്ചിവയൽ ട്രൈബൽ ഹൈസ്കൂൾ വിദ്യാർഥിയായിരുന്ന ഭഗവതിയുടെ അവസാന വാക്കുകൾ.
ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.ജി. സൈമൺ, ഡിവൈ.എസ്.പി ആര്. അനില്‍കുമാര്‍, എസ്.െഎമാരായ മധു ബാബു, വി.ജി. രവീന്ദ്രനാഥ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.