പാലക്കാട്: പഴയ മൊബൈലും ലാപ്ടോപ്പും ബൾബും ബാറ്ററിയുമൊക്കെ അലക്ഷ്യമായി പൊതുനിരത്തിലിട്ടാൽ ഇനി പിടിവീഴും. 2022ലെ ഇ-വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങൾ പ്രകാരം പൊതു സ്ഥലങ്ങളിൽ ഇ-മാലിന്യം ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനൊരുങ്ങുകയാണ് തദ്ദേശവകുപ്പ്. വീടുകളിലെ ഇ-മാലിന്യം എടുക്കാൻ ഹരിതകർമസേനാംഗങ്ങളെത്തും. പുനഃചംക്രമണയോഗ്യമായ ഇ-മാലിന്യം, ആപത്കരമായ ഇ-മാലിന്യം എന്നിങ്ങനെ തരംതിരിച്ചുള്ളവ അവർ വീടുകളിലെത്തി ഏറ്റെടുക്കും. വീണ്ടും ഉപയോഗസാധ്യതയുള്ളവക്ക് നിശ്ചിത തുക നൽകിയാണ് ഏറ്റെടുക്കുക.
ജൂലൈ 15 മുതൽ എല്ലാ നഗരസഭകളിലും കോർപറേഷനുകളിലും ഇ-മാലിന്യശേഖരണം നടത്താൻ തദ്ദേശ സെക്രട്ടറിമാർക്ക് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഹരിതകർമസേന ശേഖരിക്കുന്ന ഇ-മാലിന്യം ക്ലീൻ കേരള കമ്പനിയാണ് ഏറ്റെടുക്കുക. പുനരുപയോഗ സാധ്യതയുള്ള മാലിന്യത്തിന് അവർ ഹരിത കർമസേനക്ക് നിശ്ചിത തുക കൈമാറും. ആപത്കര ഇ-മാലിന്യ വിഭാഗത്തിൽപെടുന്നവ സംസ്കരിക്കാനുള്ള തുക തദ്ദേശവകുപ്പ് ക്ലീൻ കേരള കമ്പനിക്ക് നൽകേണ്ടിവരും.
പുനഃചംക്രമണസാധ്യമായ ഇ-മാലിന്യം ശേഖരിക്കുന്ന ഹരിതകർമസേന മാലിന്യം കൈകാര്യംചെയ്യുന്ന ഏജൻസിയുമായി കരാർ ഉണ്ടാക്കണം. ആപത്കരമായ ഇ-മാലിന്യം ശേഖരിക്കുന്നവർ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി (കെ.ഇ.ഐ.എൽ) കരാറിലേർപ്പെടണം. കരാറിൽ ഏർപ്പെടാതെ ഇ-മാലിന്യം ശേഖരിക്കുന്നത് അനുവദനീയമല്ല. വീടുകളിലെത്തി ആക്രി ശേഖരിക്കുന്നവർക്ക് ഇനി മുതൽ ഇ-മാലിന്യം ശേഖരിക്കാനാവില്ല.
നിലവിൽ ആപത്കര ഇ-മാലിന്യം ഉൾപ്പെടെ ഇ-മാലിന്യം അനധികൃത ശേഖരണ കച്ചവടക്കാർക്ക് നാട്ടുകാർ കൈമാറുകയാണ് പതിവ്. ട്യൂബ് ലൈറ്റ്, പിക്ചർ ട്യൂബ് തുടങ്ങിയവ ജലസ്രോതസ്സുകളിലേക്ക് വലിച്ചെറിയുന്ന പ്രവണത ആരോഗ്യഭീഷണിയും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇ-മാലിന്യ സംസ്കരണം കർശനമാക്കുന്നത്. ഹരിതകർമസേന വർഷം രണ്ടു തവണ ഇ-മാലിന്യം ശേഖരിക്കുന്നുണ്ട്. ഇനി ഇത് നിശ്ചിത ഇടവേളകളിൽ കർശനമായി നടത്തേണ്ടിവരും.
പുനഃചംക്രമണസാധ്യതയുള്ള ഇ-മാലിന്യം ശേഖരിക്കുമ്പോൾ വീടുകളിൽ കൊടുക്കാനുള്ള തുക മുൻകൂറായി തദ്ദേശസ്ഥാപനങ്ങൾ ഹരിതകർമസേനക്ക് നൽകാൻ നടപടിയെടുക്കണമെന്നും തദ്ദേശവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ-മാലിന്യം ഏതൊക്കെ എന്നത് സംബന്ധിച്ച് വീടുകളിൽ ബോധവത്കരണം നടത്തേണ്ട ചുമതല കുടുംബശ്രീകൾക്ക് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.