തിരൂർ: രാഷ്ട്രീയ നേതാക്കളിൽനിന്ന് പക്വതയോടെയുള്ള സംസാരമാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘കേരള യാത്ര’ക്ക് തിരൂരിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ കാന്തപുരം.
നേതൃപദവിയിലിരിക്കുന്നവരുടെ വാക്കുകളിൽ ധ്രുവീകരണത്തിന് ഇടം നൽകുന്ന ഒന്നും ഉണ്ടാവരുത്. തെരഞ്ഞെടുപ്പിനെയും അധികാരത്തെയും മാത്രം മുൻനിർത്തി മനസ്സിലാക്കേണ്ടതല്ല രാഷ്ട്രീയം. അത് മനുഷ്യരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. അധികാരം വരും, പോകും. പക്ഷേ, ഈ നാട് പല മനുഷ്യർ ഒരുമിച്ച് പാർക്കുന്നതാണ്. അവർക്കിടയിൽ ധ്രുവീകരണം സൃഷ്ടിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
കേരളം മറക്കാൻ ആഗ്രഹിക്കുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളെ വീണ്ടും ഓർമിപ്പിക്കരുത്. വർഗീയതക്ക് വളക്കൂറുള്ള മണ്ണാവരുത് കേരളം. രാഷ്ട്രീയ നേതാക്കൾ താൽക്കാലിക നേട്ടങ്ങൾക്കായി അതിരുകടന്ന് സംസാരിക്കരുത്. അതിലൂടെ എക്കാലത്തേക്കുമായി നുഴഞ്ഞ് കയറിവരുന്നത് വർഗീയതയാണ്. വന്നുകഴിഞ്ഞാൽ അത് എളുപ്പം തിരിച്ചുപോകില്ല. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വേണം തെരഞ്ഞെടുപ്പിനെ നേരിടാൻ -കാന്തപുരം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.