കോഴിക്കോട്: മുസ്ലിം ലീഗിനും പാണക്കാട് തങ്ങൾക്കുമെതിരായ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കണമെന്നും അത്തരം നടപടികൾ സ്വീകരിക്കുന്നവരുമായി ഒത്തുപോകാൻ സാധ്യമല്ലെന്നും ലീഗ് അനുകൂല വിഭാഗം. കോഴിക്കോട് ചേർന്ന സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചേർന്ന യോഗത്തിലാണ് ലീഗ് അനുകൂല വിഭാഗം നിലപാട് വ്യക്തമാക്കിയത്.
1989ൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ സമാന്തര സംഘടന രൂപവത്കരിച്ച് വേറിട്ട് പോയപ്പോൾ സമസ്തയെ പിടിച്ചു നിർത്തിയത് മുസ്ലിം ലീഗാണ്. കാന്തപുരം സംഘടിപ്പിച്ച എറണാകുളം സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ലീഗ് പ്രവർത്തകരെ വിലക്കി. എസ്.എസ്.എഫിന് ബദലായി യൂത്ത്ലീഗുകാരെ ഉപയോഗിച്ച് എസ്.കെ.എസ്.എസ്.എഫ് ഉണ്ടാക്കിയതും ലീഗ് നേതൃത്വമാണ്.
കേസുകളുണ്ടായപ്പോൾ പണവും സംവിധാനങ്ങളും ഉപയോഗിച്ച് പ്രതിരോധിച്ചതും ലീഗാണ്. ഈ ചരിത്രമൊക്കെ വിസ്മരിച്ച് ലീഗിനെയും പാണക്കാട് തങ്ങളെയും തള്ളിപ്പറയുന്നത് മറുവിഭാഗം ഒഴിവാക്കണം. ഇങ്ങനെയാണ് പോക്കെങ്കിൽ സമസ്ത 100ാം വാർഷികം സമാന്തരമായി ആഘോഷിക്കേണ്ടി വരുമെന്ന് അവർ മുന്നറിയിപ്പ് നൽകി.
സി.ഐ.സി പ്രശ്നത്തിൽ അതിന്റെ അധ്യക്ഷനായ സാദിഖലി തങ്ങൾ നടത്തുന്ന പരിഹാരശ്രമങ്ങൾ പൂർത്തിയാകാതെ അവരുമായുള്ള ബന്ധം സമസ്ത വിച്ഛേദിക്കാൻ പാടില്ല. വാഫി കോഴ്സിൽ കുട്ടികളെ ചേർക്കൽ രക്ഷിതാക്കളുടെ തീരുമാനമാണ്. അതിനെ തടയിടുന്ന നടപടിയുണ്ടാകരുത്. പാണക്കാട് കുടുംബവും സമസ്തയും തമ്മിലെ ബന്ധം തകർക്കാൻ ശ്രമിക്കുന്നവരെ നിലക്കുനിർത്തണം. ഇല്ലെങ്കിൽ മഹല്ലുകൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇരുവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ എം.ടി. അബ്ദുല്ല മുസ്ലിയാരാണ് രേഖപ്പെടുത്തിയത്. ഇത് ഇരുവിഭാഗത്തെയും വായിച്ചു കേൾപ്പിച്ച ശേഷം തീരുമാനം നേതൃത്വം കൂടിയാലോചിച്ച് ഉടൻ പ്രഖ്യാപിക്കുമെന്ന് ജിഫ്രി തങ്ങൾ അറിയിച്ചു. അതുവരെ ആരെങ്കിലും പരസ്യമായി പരസ്പരം കുറ്റപ്പെടുത്തുന്ന സമീപനം സ്വീകരിച്ചാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹവും സാദിഖലി തങ്ങളും വ്യക്തമാക്കി.
കേന്ദ്ര മുശാവറ അംഗം മുസ്തഫൽ ഫൈസിക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്ന ലീഗ് അനുകൂലികളുടെ ആവശ്യത്തിൽ മുശാവറയാണ് തീരുമാനമെടുക്കേണ്ടതെന്നും നേതാക്കൾ വ്യക്തമാക്കി.
Samastha, Muslim League, മുസ്ലിം ലീഗ്, സമസ്ത, ലീഗ് സമസ്ത തർക്കം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.