വെറുപ്പും കളവും പ്രചരിപ്പിക്കുന്ന സിനിമ പ്രദർശിപ്പിക്കരുത് -കാന്തപുരം

കണ്ണൂർ: വാസ്തവ വിരുദ്ധതകളും വെറുപ്പും പ്രചരിപ്പിക്കുന്ന ആവിഷ്കാരങ്ങൾ പ്രദർശിപ്പിക്കുന്നത് സാംസ്കാരിക കേരളത്തിന് അനുയോജ്യമല്ലെന്നും വിവാദ സിനിമ നിരോധിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി സമാപന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി വിദ്യാർഥി സമ്മേളനത്തിന്റെ സമാപനം കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു - ഫോ​ട്ടോ: പി. സന്ദീപ്

സമീപകാലത്തായി രാജ്യത്ത് മതസൗഹാർദം തകർക്കുന്നതും മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതുമായ പല പ്രവർത്തനങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനു പിന്നിൽ പല താൽപര്യങ്ങളുമുണ്ട്. അങ്ങനെയൊരു പ്രതിലോമ പ്രവർത്തനത്തിന്റെ ഭാഗമായാണ് പുതിയൊരു സിനിമ പുറത്തിറങ്ങുന്നത്. ലവ് ജിഹാദിലൂടെ മതംമാറ്റി വിദേശത്ത് കൊണ്ടുപോയി സ്ത്രീകളെ തീവ്രവാദ പ്രസ്ഥാനങ്ങളിൽ ചേർക്കുന്നുവെന്നാണ് കേരള സ്റ്റോറി എന്ന സിനിമ പറയുന്നത്. തീർത്തും തെറ്റായ പ്രചാരണമാണിത്. ഇസ്‌ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രണയിച്ച് മതം മാറ്റുന്നതിനെ അനുവദിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല, ലവ് ജിഹാദ് എന്നത് നമ്മുടെ നാട്ടിൽ ഇല്ല എന്ന് നീതിന്യായ സംവിധാനങ്ങളും പാർലമെന്റും തീർപ്പ് പറഞ്ഞിരിക്കെ ഇങ്ങനെ വ്യാജ പ്രചാരണം നടത്തുന്നത് നാടിനെ കുറിച്ച് നുണ പറഞ്ഞ് വെറുപ്പ് പരത്തുകയാണ്. ഇത് സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്.

നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രം പഠിക്കാന്‍ വിദ്യാര്‍ഥികള്‍ സന്നദ്ധമാകണം. പാഠപുസ്തകങ്ങളില്‍ ചരിത്രം പഠിപ്പിക്കണം. രാജ്യത്തിന്റെ പൂര്‍വചരിത്രം പഠിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയവും സാംസ്‌കാരികവുമായ പാരമ്പര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. ചരിത്രം തിരുത്തുന്നത് രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ്. നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്നത് അഖണ്ഡഭാരതം എന്ന ആശയമാണെന്നും കാന്തപുരം ഉണർത്തി. 

Tags:    
News Summary - Do not screen the film that spreads hate and slander -Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.