ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെയെല്ലാം ഇ.ഡി ചോദ്യം ചെയ്യുമ്പോൾ കേരളത്തിൽ എന്തുകൊണ്ട് സംഭവിക്കുന്നില്ല..? എൽ.ഡി.എഫും മോദിയും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് ഡി.കെ.ശിവകുമാർ

കണ്ണൂർ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. പത്തുവർഷത്തെ പിണറായി വിജയൻ സർക്കാറിന്റെ ഭരണം പരാജയമാണെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.കെ രമയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാറിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച ശിവകുമാർ, ശബരിമലയിലെ സ്വർണക്കൊള്ള സംഭവത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാത്തതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിൽ ഒത്തുകളിയുണ്ടെന്ന് ആരോപിച്ചു. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും ജീവനും സോണിയ തന്റെ സ്ഥാനമാനങ്ങൾ പോലും സമർപ്പിച്ചവരാണ്. അതുപോലെ കെ.കെ രമയ്ക്ക് അവരുടെ ഭർത്താവിനെ നഷ്ടമായി. എൽ.ഡി.എഫിനെയും പിണറായി വിജയനെയും ജനങ്ങൾക്ക് മടുപ്പായിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ ഇ.ഡി ചോദ്യം ചെയ്യുമ്പോൾ ഇവിടെ എന്തുകൊണ്ട് അത് സംഭവിച്ചില്ല..? എൽ.ഡി.എഫും മോദിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് അതിനുപിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു.

കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കി. ഇനി അതൊക്കെ മാതൃകയാക്കി കേരളത്തിലും കൊണ്ടുവരും. കേരളം വിശ്വാസികളുടെ നാടാണെന്നും അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ എൽ.ഡി.എഫ് സർക്കാറിന് ഈ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"അയ്യപ്പ ഭക്തർക്ക് നീതി ലഭിക്കണം. വിശ്വാസവും സംസ്കാരവും സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഇത്തവണ എൽ.ഡി.എഫ് സർക്കാർ പിഴുതെറിയപ്പെടും," -ശിവകുമാർ കൂട്ടിച്ചേർത്തു.

ബി.ജെ.പിയും കോൺഗ്രസും തമ്മിൽ 'മാച്ച് ഫിക്സിങ്' ആണെന്ന ആരോപണത്തെ അദ്ദേഹം പുച്ഛിച്ചു തള്ളി. കേരളത്തിലെ ജനങ്ങൾ വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുത്ത രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതാണോ നിങ്ങൾ മാച്ച് ഫിക്സിങ് എന്ന് വിളിക്കുന്നത്? ഇത്തരം ആരോപണങ്ങൾ കേരളത്തിലെ ജനങ്ങളെ അപമാനിക്കലാണെന്നും അദ്ദേഹം പ്രതികരിച്ചു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന്, പാർട്ടി കൂട്ടായി തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി.

Tags:    
News Summary - DK Shivakumar says LDF and Modi have an unholy relationship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.