അറനാടരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി –പട്ടികവര്‍ഗ ഡയറക്ടര്‍


കരുളായി (മലപ്പുറം): ആദിവാസി വിഭാഗത്തില്‍പ്പെട്ട അറനാടന്‍ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പട്ടികവര്‍ഗ ഡയറക്ടര്‍ ഡോ. പി. പുകഴന്തി പറഞ്ഞു. നിലമ്പൂരിലെ ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് തയാറാക്കാന്‍ നെടുങ്കയം കോളനിയില്‍ എത്തിയതായിരുന്നു അദ്ദേഹം. പി.വി. അബ്ദുല്‍ വഹാബ് എം.പിയും സന്നിഹിതനായിരുന്നു.

അറനാടരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്ത പരമ്പരയുടെ പശ്ചാത്തലത്തിലായിരുന്നു ഡയറക്ടറുടെ പ്രതികരണം. അറനാടരുടെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസപരമായ അവസ്ഥ സംബന്ധിച്ച് സമഗ്ര പഠനം നടത്തി അറനാടന്‍ സമൂഹത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി വള്ളിക്കെട്ട് അറനാടന്‍ കോളനിലെ നിവാസിയും മൂത്തേടം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയുമായ ബിന്ദു ഡയറക്ടര്‍ക്ക് നിവേദനം നല്‍കി.

അറനാടരില്‍ ഭൂരിഭാഗത്തിനും ഭൂമി, വീട് തുടങ്ങിയ സൗകര്യങ്ങളില്ല. വന്ധ്യത ഉള്‍പ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നു. അറനാടരുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും അവര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ‘മാധ്യമം’ പ്രസിദ്ധീകരിച്ച പരമ്പരയുടെ പകര്‍പ്പ് സഹിതമാണ് നിവേദനം സമര്‍പ്പിച്ചത്. ഇതു സംബന്ധിച്ച് പഠനം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പഠനം നടത്താന്‍ സര്‍ക്കാറിനൊപ്പം സമുദായത്തിന്‍െറ സഹകരണം ഉറപ്പുവരുത്തണമെന്നും പി. പുകഴന്തി നിര്‍ദേശിച്ചു.

 

Tags:    
News Summary - district collecter on tribal issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.