കൊല്ലം: സംസ്ഥാനത്തെ 14 ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണബാങ്കും ലയിപ്പിച്ച് രൂപവത്കരിക്കാന്‍ ലക്ഷ്യമിടുന്ന ‘കേരള സഹകരണ ബാങ്ക്’ സംബന്ധിച്ച വിദഗ്ധസമിതിയുടെ പഠനം ഉടന്‍ ആരംഭിക്കും. സമിതിയുടെ പരിഗണിക്കേണ്ട വിഷയങ്ങള്‍ വിവരിച്ച് സഹകരണവകുപ്പ് ഉത്തരവിറക്കി. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് സഹകരണവകുപ്പിന്‍െറ നീക്കം.
അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിച്ച് എസ്.ബി.ഐയെ ശക്തിപ്പെടുത്താന്‍ സമാനമായ പരിഷ്കാരമാണ് സഹകരണമേഖലയിലും സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, സഹകരണമേഖലയിലെ ബാങ്ക് ലയനത്തിനെതിരെ ഭിന്നാഭിപ്രായമാണ് ഉയരുന്നത്.
ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും ലയിപ്പിച്ച് കേരള സഹകരണ ബാങ്ക് വരുന്നത് സംസ്ഥാനത്തെ ബാങ്കിങ് രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. കേരളം ആസ്ഥാനമായ എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നത് നടപ്പായാല്‍ സംസ്ഥാനസര്‍ക്കാറിന് ആശ്രയിക്കാവുന്ന പ്രധാന ധനകാര്യസ്ഥാപനമായി കേരള സഹകരണ ബാങ്കിനെ മാറ്റിയെടുക്കാനാവുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, ജില്ലാ ബാങ്കുകളുടെയടക്കം ലയനം സഹകരണമേഖലക്ക് ഗുണകരമാവില്ളെന്ന് ചൂണ്ടിക്കാട്ടുന്നവരുമേറെയാണ്. ബംഗളൂരു ഐ.ഐ.എമ്മിലെ പ്രഫ. എം.എസ്. ശ്രീറാം അധ്യക്ഷനായ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താവും ഇതുസംബന്ധിച്ച അന്തിമതീരുമാനമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ലയനത്തിന് മുന്നോടിയായി 14 ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്‍െറയും ആസ്തി-ബാധ്യത നിര്‍ണയം നടത്താന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിലവിലെ സഹകരണനിയമത്തില്‍ ആവശ്യമായിവരുന്ന ഭേദഗതി, റിക്രൂട്ടിങ്-പരിശീലനം എന്നിവയില്‍ സ്വീകരിക്കേണ്ട പരിഷ്കാരങ്ങള്‍, പ്രഫഷനല്‍ രീതിയില്‍ ബാങ്ക് കെട്ടിപ്പടുക്കുന്നതിന് വരുത്തേണ്ട കാര്യങ്ങള്‍ എന്നിവയും സമിതിയുടെ പരിഗണനാവിഷയങ്ങളാണ്. സഹകരണബാങ്കുകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സാങ്കേതികസംവിധാനങ്ങള്‍ പരിശോധിക്കേണ്ടതും അനുയോജ്യ പരിഷ്കാരങ്ങള്‍ നിര്‍ദേശിക്കേണ്ടതും സമിതിയുടെ ചുമതലയാണ്. കേരള സഹകരണ ബാങ്ക് നിലവില്‍ വന്നാല്‍ അത് എങ്ങനെ ജനങ്ങളിലേക്ക് അവതരിപ്പിക്കണമെന്ന ശിപാര്‍ശയും സമിതി നല്‍കണമെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.