കാസർകോട് ഡി.സി.സി ഓഫിസിൽ നേതാക്കളുടെ തമ്മിൽതല്ല്
കാസർകോട്: ഡി.സി.സി ഓഫിസിലെ കൂട്ടത്തല്ല് മാധ്യമങ്ങളെ അറിയിച്ചുവെന്നതിന്റെ പേരിൽ കാസർകോട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.എം. സഫ്വാൻ കുന്നിലിനെ സസ്‌പെൻഡ് ചെയ്തു. നിസ്സാര സംഭവങ്ങൾ വാർത്തചാനലുകളിൽ നൽകി പാർട്ടിയെ അപകീർത്തിപ്പെടുത്തിയതിന്റെ പേരിലാണ് നടപടിയെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അറിയിച്ചു.
ഡി.സി.സി ഓഫിസിൽ സീറ്റുവിഭജന ചർച്ചക്കിടെയാണ് ഡി.സി.സി വൈസ് പ്രസിഡന്റും നേതാക്കളും തമ്മിൽ തല്ലിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെയും ജില്ല പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷനിലെയും സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചക്കിടെയാണ് ഡി.സി.സി വൈസ് പ്രസിഡന്റ് ജയിംസ് പന്തംമാക്കൽ ഉൾപ്പെടെയുള്ളവർ ചേരിതിരിഞ്ഞ് തല്ലിയത്. പന്തംമാക്കലിനും ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ല പ്രസിഡന്റ് വാസുദേവനും മർദനമേറ്റു.
ജയിംസ് പന്തംമാക്കലിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിമതർ 2015ലെ തെരഞ്ഞെടുപ്പിൽ ജനാധിപത്യ വികസനമുന്നണി (ഡി.ഡി.എഫ്) എന്നപേരിൽ മത്സരിച്ച് ഈസ്‌റ്റ് എളേരിയിൽ അധികാരത്തിലെത്തിയിരുന്നു. കോൺഗ്രസ് മാത്രം ഭരിച്ചിരുന്ന ഈസ്റ്റ് എളേരിയിൽ ഒരു സീറ്റിൽ പോലും അവർക്ക് ജയിക്കാനായിരുന്നില്ല. പിന്നീട് ഡി.ഡി.എഫ് കോൺഗ്രസിൽ ചേരുകയായിരുന്നു.
സീറ്റുവിഭജന ചർച്ചക്കിടെ തെരഞ്ഞെടുപ്പിൽ ഇവർ ഏഴു സീറ്റ് ആവശ്യപ്പെട്ടു. രണ്ടു സീറ്റിനപ്പുറം നൽകില്ലെന്നായിരുന്നു ഡി.സി.സി നിലപാട്. തുടർന്നാണ് വ്യാഴാഴ്‌ച രാവിലെ പതിനൊന്നരയോടെ ഇന്ദിര ഭവനിൽ നേതാക്കൾ ഏറ്റുമുട്ടിയത്. ജില്ല പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷനിൽ വെസ്‌റ്റ് എളേരി പഞ്ചായത്തിലെ മൗക്കോട് വാർഡ് അംഗം എം.വി. ലിജിനയെ സ്ഥാനാർഥിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെ മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് മിനി ചന്ദ്രനാണ് സീറ്റ് നൽകിയത്. ഇതിൽ ലിജിന കാസർകോട് വാർത്തസമ്മേളനം നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. ഡി.ഡി.എഫ് ഇപ്രാവശ്യം തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.