കൊച്ചി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ കേസിൽ കുറ്റകൃത്യം നടന്ന കാരവൻ പൊലീസ് കണ്ടെത്തി. ഫോട്ട് കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന കാരവനാണ് കണ്ടെത്തിയത്. യുവനടിയുടെ പരാതിയിൽ അന്വേഷണ സംഘം തൊടുപുഴയിൽനിന്നാണ് കഴിഞ്ഞദിവസം രഞ്ജിത്തിനെ പിടികൂടിയത്. രഞ്ജിത്ത് സംവിധായകനായ ചിത്രത്തിന്റെ ചിത്രീകരണ സ്ഥലത്തുവെച്ച് പീഢന ശ്രമം നടന്നുവെന്നാണ് പരാതി.
കാരവനിന് പുറത്തുള്ള സി.സി.ടി.വി ദൃശങ്ങൾ പൊലീസ് പരിശോധിക്കും. തന്നെ കയറിപ്പിടിക്കാൻ രഞ്ജിത്ത് ശ്രമിച്ചതോടെ കാരവാനിൽനിന്നും ഇറങ്ങിയോടിയെന്നും പിന്നീട് സിനിമാ സെറ്റിൽനിന്ന് പോയിയെന്നും അത് അവിടെയുണ്ടായിരുന്നവർ ഇത് കണ്ടിട്ടുണ്ടെന്നും നടിയുടെ പരാതിയിൽ പറയുന്നു. സാക്ഷികളായവരുടെ മൊഴിയെടുക്കാനും പൊലീസ് നടപടി തുടങ്ങി. തൊടുപുഴയിൽനിന്നും രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ കൂടെയുണ്ടായിരുന്നവരെയും ചോദ്യം ചെയ്യും.
അതിനിടെ, സിനിമയുടെ ഐ.സി അംഗമായിരുന്ന അഭിഭാഷകൻ മുഹമ്മദ് സിയദ് കോടതിയിൽ രഞ്ജിത്തിനായി ഹാജരായത്ത് വിവാദമായിരുന്നു. സിനിമയിലെ മറ്റു പ്രവർത്തകർ വിമർശനമുന്നയിച്ചതോടെ അഭിഭാഷകൻ വകാലത്ത് ഒഴിയുകയായിരുന്നു. വിവാദങ്ങൾക്ക് താൽപര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസിൽ അറസ്റ്റിലായ രഞ്ജിത്തിനെ റിമാൻഡ് ചെയ്തിരുന്നു. നടി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ വനിതാ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. പ്രതിയുടെ ജാമ്യാപേക്ഷ പൊലീസിന്‍റെ കസ്റ്റഡി അപേക്ഷക്കൊപ്പം ഒരുമിച്ചു പരിഗണിക്കാൻ ശനിയാഴ്ചത്തേക്ക് മാറ്റി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവെക്കൽ, ലൈംഗികാവശ്യം ഉന്നയിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് അന്വേഷണ സംഘം തൊടുപുഴയിലെത്തിയത്. രാത്രി 12.30ന് കൊച്ചി വനിതാ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തിയപ്പോൾ രക്തസമ്മർദം, ഹൃദയമിടിപ്പ്, ഇ.സി.ജി എന്നിവയിൽ വ്യതിയാനം കണ്ടെത്തിയതിനാൽ രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ വീണ്ടും പരിശോധന നടത്തിയപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഒമ്പതോടെ മജിസ്ട്രേട്ടിന്‍റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് എറണാകുളം സബ്ജയിലിലേക്ക് മാറ്റി.
അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ തനിക്ക് ബലപ്രയോഗത്തിനുള്ള ആരോഗ്യമില്ലെന്നാണ് രഞ്ജിത്തിന്‍റെ വാദം. ആരോഗ്യസ്ഥിതി മോശമാണെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. കേസിലെ അതിജീവിതയായ നടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടി പരിശോധിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ വാദം കേൾക്കുക. വിശദമായ ചോദ്യം ചെയ്യലിന് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.