സിനിമ കണ്ടതുകൊണ്ട് മാത്രം വഴിതെറ്റില്ല, അനേകം കാരണങ്ങളിൽ ഒന്നുമാത്രമാണത്, ഓൺലൈൻ ഗെയിമുകളാണ് പ്രധാന വില്ലൻ -കമൽ

തിരുവനന്തപുരം: കേരളത്തെ നടുക്കുന്ന കൊലപാതക പരമ്പരകളുടെ പ്രധാന ഉത്തരവാദി സിനിമകളിലൂടെ പുറത്തുവരുന്ന വയലൻസാണെന്ന വാദത്തിൽ പ്രതികരണവുമായി സംവിധായകൻ കമൽ.

സിനിമ കണ്ടതുകൊണ്ട് മാത്രം പുതിയ തലമുറ വഴിതെറ്റിപോകുന്നുവെന്ന് പറയാനാകില്ലെന്നും വഴിതെറ്റിക്കുന്ന അനേകം ഘടകങ്ങളിൽ ഒന്നുമാത്രമാണ് സിനിമയെന്നും കമൽ പ്രതികരിച്ചു. കുട്ടികളെ വഴിതെറ്റിക്കുന്നതിൽ പ്രധാനി ഓൺലൈൻ ഗെയിമുകളാണ്. ഇന്റർനെറ്റിന്റെ അമിതമായ ഉപയോഗം യുവതലമുറയുടെ ചിന്താഗതിയെ മാറ്റുന്നുണ്ട്. എങ്ങനെ ഏതൊക്കെ കുറ്റങ്ങൾ ചെയ്യണമെന്ന് സൈബർ ലോകത്ത് നിന്ന് അവർക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നുകളാണ് മറ്റൊന്ന്. മുൻപൊക്കെ മദ്യവും കഞ്ചാവുമൊക്കെയായിരുന്നെങ്കിൽ ഇന്ന് വലിയ മയക്കുമരുന്നിലേക്ക് സ്കൂൾ കുട്ടികൾ വരെ പോകുന്നുവെന്നും കമൽ പറയുന്നു.

പുതിയ തലമുറക്ക് സിനിമയോടുള്ള ഒരു അഭിരുചി മാറിക്കഴിഞ്ഞു. വളരെ മൃദുവായ ഇമോഷൻസ് ഒന്നും സിനിമയിൽ കാണാൻ ഇന്നത്തെ തലമുറ ഇഷ്ടപ്പെടുന്നില്ല. വയലൻസ് ഉള്ള സിനിമകൾ കാണുമ്പോൾ അതിൽ വളരെ ഫാസ്റ്റ് ആയി കാര്യങ്ങൾ നടക്കും. മലയാളത്തിൽ അടുത്തകാലത്ത് ഇറങ്ങിയ സിനിമകളിൽ കൂടിയപങ്കും ഇൻവെസ്റ്റിഗേഷൻ, ക്രൈം ത്രില്ലർ, വയലൻസ് കൂടുതലുള്ള സിനിമകളാണ്. മുൻപ് എല്ലാത്തരം സിനിമകളും മലയാളത്തിൽ മാത്രമല്ല എല്ലാ ഭാഷയിലും വരാറുണ്ടായിരുന്നു. അതൊക്കെ സഹിഷ്ണുതയോടെ കണ്ടിരുന്ന ഒരു കാലം മാറി. യുവാക്കൾ മാത്രമല്ല ആർക്കും ഇപ്പോൾ ഒന്നിനും ക്ഷമയില്ലെന്നും അദ്ദേഹം പറയുന്നു.

‘മാർക്കോ’ എന്ന സിനിമ വന്നതുകൊണ്ട് മാത്രംസമൂഹത്തിൽ കുറ്റകൃത്യങ്ങൾ കൂടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനത്തെ സിനിമകൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്നത് ആലോചിക്കേണ്ടിയിരിക്കുന്നു. വയലൻസ് കൂടുതൽ ഉള്ള ഒരുപാട് സിനിമകൾ ചലച്ചിത്രമേളകളിൽ വരാറുണ്ട്. പക്ഷേ അത് വളരെ ചുരുങ്ങിയ ആൾക്കാർ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. അതിലെ വയലൻസ് അവരെ സ്വാധീനിക്കുന്നതുപോലുമില്ല. ആ സിനിമയുടെ മേക്കിങ്ങും സൗന്ദര്യാത്മകതയുമാണ് ആളുകളെ ആകർഷിച്ചിരുന്നത്. പക്ഷേ കോവിഡിന് ശേഷം കാര്യങ്ങൾ മാറി. ഒടിടി വന്നതിനു ശേഷം ലോകസിനിമകൾ എല്ലാവരും കണ്ടുതുടങ്ങി. കൊറിയൻ സിനിമകളുടെ കൾട്ട് നമ്മുടെ ജനങ്ങളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. വയലൻസ് മാത്രമല്ല, കൊറിയൻ പാട്ടുകൾ, വസ്ത്രധാരണം ജീവിതരീതി തുടങ്ങി പല ഘടകങ്ങളും ചെറുപ്പക്കാരെ സ്വാധീനിക്കുന്നുവെന്നും സംവിധായകൻ കമൽ പറഞ്ഞു.

Tags:    
News Summary - Director Kamal responds to violence in films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.