തിരുവനന്തപുരം: ശമ്പളം കൃത്യമായി നൽകണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കാൻ നിർദേശം. പണിമുടക്ക് ദിവസത്തെ ഡയസ്നോണിന് പുറമെയാണിത്. ഇത് സംബന്ധിച്ച് ചീഫ് ഓഫിസിൽനിന്ന് ഡിപ്പോകൾക്ക് സർക്കുലർ നൽകി. ശമ്പളം വൈകിയതോടെയാണ് എല്ലാ മാസവും ആദ്യ ആഴ്ച തന്നെ ശമ്പളം ആവശ്യപ്പെട്ട് ടി.ഡി.എഫ് ഇക്കഴിഞ്ഞ മൂന്നിന് സംസ്ഥാന വ്യാപകമായി പണിമുടക്കിയത്. പണിമുടക്കിയവരുടെ ശമ്പള ബിൽ പ്രത്യേകം തയാറാക്കാനാണ് ചീഫ് അക്കൗണ്ട് ഓഫിസറുടെ നിർദേശം.
സ്പാർക്ക് സെല്ലിന്റെ അനുമതി ലഭിച്ച ശേഷമേ ശമ്പളം അനുവദിക്കാവൂ എന്നും യൂനിറ്റ് അധികാരികൾക്കും സോണൽ മേധാവികൾക്കും രേഖാമൂലം നിർദേശം നൽകി. അതേസമയം, പണിമുടക്കാത്തവരുടെ ശമ്പള ബില്ലുകൾ കൃത്യസമയത്ത് നൽകണമെന്നും ചീഫ് അക്കൗണ്ട് ഓഫിസർ നിർദേശിക്കുന്നുണ്ട്. ഇതിനെതിരെ എല്ലാ ഡിപ്പോകളിലും ടി.ഡി.എഫ് ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. പണിമുടക്കിയവർക്കെതിരെ സർവിസ് മുടക്കിയതിനും ബസിന് കേടുപാട് ഉണ്ടാക്കിയതിനും കേസെടുത്തിരുന്നു. ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമാണ് ഇതെന്നാണ് ജീവനക്കാരുടെ വിമർശനം. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സമരം തുടങ്ങുമെന്ന് ടി.ഡി.എഫ് അറിയിച്ചു.
പണിമുടക്കിൽ പങ്കെടുത്ത താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനാണ് നീക്കം. ഇതിനു മുന്നോടിയായി പണിമുടക്ക് ദിവസം ഹാജരാകാതിരുന്നവരുടെ പട്ടിക നൽകാൻ ഡിപ്പോ ഓഫിസർമാർക്ക് നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.