ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദപരിശോധനക്കെത്തുന്ന ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ശബ്ദസാമ്പിൾ പരിശോധനക്ക് ഹാജരായി. ശബ്ദസാമ്പിൾ പരിശോധനക്കായി ദിലീപ് അടക്കമുള്ള പ്രതികൾ കാക്കനാട് ചിത്രഞ്ജലി സ്റ്റുഡിയോയിലാണ് ഹാജരായത്. സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയ ശബ്ദ സന്ദേശങ്ങൾ ഇവരുടെ തന്നെയാണെന്നുറപ്പാക്കാനാണ് പരിശോധന. ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും പരിശോധനക്ക് എത്തി.

ഇന്ന് രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി ലാബില്‍ എത്താനാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കിയിരുന്നത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്ന് മുൻകൂർ ജാമ്യഹരജി അനുവദിച്ചുകൊണ്ട് ഹൈകോടതി പ്രതികൾക്ക് നിർദേശം നൽകിയിരുന്നു.

ഇത് സംബന്ധിച്ചുള്ള വാദം ഹൈകോടതിയില്‍ ഉയര്‍ന്നു വന്നപ്പോൾ ശബ്ദ പരിശോധനക്കായി നോട്ടീസ് അയച്ചപ്പോള്‍ അത് കൈപ്പറ്റാന്‍ പോലും പ്രതികള്‍ തയാറായിരുന്നില്ലെന്നും അന്വേഷണത്തോട്സഹകരിക്കുന്നല്ലെന്നും പ്രോസിക്യുഷൻ കോടതിയെ അറിയിച്ചു. എന്നാൽ അന്വേഷണ സംഘം ശബ്ദപരിശോധക്കായി നോട്ടീസ് അയച്ചപ്പോള്‍ അന്ന് സ്ഥലത്ത് ഇല്ലായിരുന്നു എന്നാണ് പ്രതിഭാഗത്തിന്‍റെ വിശദീകരണം. തുടർന്ന് അന്വേഷണ സംഘം നോട്ടീസ് വീട്ടില്‍ പതിച്ച് മടങ്ങുകയായിരുന്നു.

സംവിധായകരായ റാഫി, വ്യാസൻ എടവനക്കാട് എന്നിവരെ വിളിച്ചു വരുത്തുകയും അവർ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ശാസ്ത്രീയ പരിശോധനക്ക് തീരുമാനിക്കുന്നത്.

Tags:    
News Summary - Dileep appeared for the sound sample test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.