തിരുവനന്തപുരം: കേരള ഡിജിറ്റൽ, സാങ്കേതിക (കെ.ടി.യു) സർവകലാശാലകളിൽ വി.സി നിയമനത്തിനായി സുപ്രീംകോടതി രൂപവത്കരിച്ച സെർച് കമ്മിറ്റി അപേക്ഷകരുടെ അഭിമുഖം തുടങ്ങി. ബുധനാഴ്ച കെ.ടി.യു വി.സി നിയമനത്തിനുള്ള അപേക്ഷകരിൽ 15 പേരെ അഭിമുഖത്തിന് ക്ഷണിച്ചു. സുപ്രീംകോടതി റിട്ട. ജഡ്ജി സുധാംശു ദൂലിയയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സെർച് കമ്മിറ്റിയാണ് അഭിമുഖം നടത്തുന്നത്. വ്യാഴാഴ്ചയും അഭിമുഖം തുടരും.
നിലവിൽ ഡിജിറ്റൽ സർവകലാശാല വി.സിയുടെ ചുമതല വഹിക്കുന്ന ഡോ. സിസ തോമസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി. ജയപ്രകാശ്, ജോയന്റ് ഡയറക്ടർ ഡോ. ആശാലത, എൽ.ബി.എസ് ഡയറക്ടറും കെ.ടി.യു മുൻ പി.വി.സിയുമായ ഡോ. എം. അബ്ദുറഹിമാൻ, തൃശൂർ ഗവ. എൻജി. കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ബിന്ദു, കർണാടക സെൻട്രൽ യൂനിവേഴ്സിറ്റിയിലെ പ്രഫ. അസ്ലം, കോതമംഗലം എം.എ കോളജിലെ പ്രഫ. ബിജു, ബാർട്ടൺഹിൽ എൻജിനീയറിങ് കോളജിലെ പ്രഫ. ബിന്ദുകുമാർ, കാസർകോട് എൽ.ബി.എസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ഫ്രാൻസിസ് പീറ്റർ തുടങ്ങിയവരും പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. കെ.ടി.യു വി.സിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ഡോ. കെ. ശിവപ്രസാദ്, മുൻ വി.സി ഡോ. എം.എസ്. രാജശ്രീ, മുൻ രജിസ്ട്രാർ ഡോ. എ. പ്രവീൺ, കണ്ണൂർ വി.സിയുടെ ചുമതല വഹിക്കുന്ന പ്രഫ. കെ.കെ. സാജു, ഡിജിറ്റൽ സർവകലാശാല രജിസ്ട്രാർ പ്രഫ. എ. മുജീബ് തുടങ്ങിയവരും അപേക്ഷകരാണ്. ഇവർ വ്യാഴാഴ്ച അഭിമുഖത്തിനെത്തിയേക്കും.
കെ.ടി.യു വി.സി പദവിയിലേക്ക് അപേക്ഷിച്ചവരിൽ ഭൂരിഭാഗം പേരും വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന ഡിജിറ്റൽ സർവകലാശാല വി.സി നിയമന അഭിമുഖത്തിലും അപേക്ഷകരാണ്. സെർച് കമ്മിറ്റി അധ്യക്ഷന് പുറമെ സംസ്ഥാന സർക്കാറിന്റെയും ചാൻസലറായ ഗവർണറുടെയും രണ്ട് വീതം പ്രതിനിധികളാണ് അഭിമുഖം നടത്തുന്നത്. ഡിജിറ്റൽ വി.സി നിയമനത്തിനും സുധാംശു ദൂലിയയാണ് സെർച്ച് കമ്മിറ്റി അധ്യക്ഷനെങ്കിലും സർക്കാറിന്റെയും ചാൻസലറുടെയും പ്രതിനിധികൾ വേറെയാണ്.
സെർച്ച് കമ്മിറ്റി അഭിമുഖത്തിനുശേഷം മൂന്നുപേരുടെ പട്ടിക തയാറാക്കി മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. നിയമനത്തിനുള്ള മുൻഗണന നിശ്ചയിച്ച് പട്ടിക മുഖ്യമന്ത്രി ഗവർണർക്ക് കൈമാറണം. മുൻഗണനാക്രമം പാലിച്ച് ഗവർണർ വി.സി നിയമനം നടത്തണം. പട്ടികയിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ അക്കാര്യം മുഖ്യമന്ത്രിക്കും ഗവർണർക്കും രേഖപ്പെടുത്താം. അത്തരം ഘട്ടത്തിൽ കേസ് പരിഗണിച്ച സുപ്രീംകോടതി ബഞ്ച് സെർച് കമ്മിറ്റിയുടെ ഫയൽ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. സെർച് കമ്മിറ്റിയിൽനിന്ന് യു.ജി.സി പ്രതിനിധിയെ ഒഴിവാക്കിയതിനെതിരെ ഗവർണർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സെർച് കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിക്കുംവരെ മാറ്റിവെച്ചിരിക്കുകയാണ്. ഗവർണർ നൽകിയ ഉപഹരജിയിൽ യു.ജി.സിയും കക്ഷിചേർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.