'ധർമസ്ഥല കൊലപാതക പരമ്പര: പരാതിക്കാരൻ മുസ്ലിം, ഗൂഢാലോചനക്ക് പിന്നിൽ കേരള സർക്കാർ'; ആരോപണവുമായി ബി.ജെ.പി നേതാവ്

ധർമസ്ഥലയിൽ കൊലപാതക പരമ്പര ആരോപണങ്ങളുടെ പിന്നിൽ കേരള സർക്കാരാണെന്ന വിചിത്ര വാദവുമായി കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക. പരാതിയുമായി രംഗത്ത് വന്നയാൾ മുസ്‌ലിം ആണെന്നും ഇതിന് പിന്നിൽ കേരള സർക്കാരാണെന്നും ആണ് ബി.ജെ.പി നേതാവായ അശോകയുടെ ആരോപണം. മുഴുവൻ ഗൂഢാലോചനയുടേയും ഉത്തരവാദി കേരള സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു.

ചില അദൃശ്യശക്തികൾ പരാതിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാൻ ഗൂഢാലോചന നടക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ശബരിമലയിലുണ്ടായ വിവാദങ്ങളിലും ഇതുതന്നെയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം പുറത്തുകൊണ്ടുവരണം. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ ക്ഷേത്രത്തെ കരിവാരിതേക്കാനുള്ള വ്യക്തമായ ശ്രമം ചിലർ നടത്തുന്നതായും അശോക പറഞ്ഞു.

അതേസമയം പരാതിക്കാരൻ മുസ്‌ലിമാണെന്ന അശോകിന്‍റെ ആരോപണങ്ങൾ തെറ്റാണെന്നാണ് ദേശീയ മാധ്യമമായ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 2018ലെ സാക്ഷികളെ സംരക്ഷിക്കുന്ന നിയമപ്രകാരം സംരക്ഷണം ലഭിക്കുന്നതിനാൽ അയാളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.

ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നും മൃതശരീരങ്ങള്‍ പലയിടത്തായി കുഴിച്ചുമൂടിയിട്ടുണ്ടെന്നും വെളിപ്പെടുത്തിയ സാക്ഷി മൃതദേഹങ്ങള്‍ കുഴിച്ചിട്ട 15 സ്ഥലങ്ങള്‍ തിരിച്ചറിഞ്ഞു. ഈ സ്ഥലങ്ങളില്‍ ആന്റി നക്‌സല്‍ ഫോഴ്‌സിനെ (എ.എന്‍.എഫ്) വിന്യസിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സാക്ഷി തിരിച്ചറിഞ്ഞ ആദ്യത്തെ എട്ട് സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്താണ്. ഒമ്പതു മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നദിക്ക് സമീപമുള്ള ഹൈവേയുടെ അരികിലാണ്. പതിമൂന്നാമത്തേത് നേത്രാവതിയെ ആജുകുരിയുമായി ബന്ധിപ്പിക്കുന്ന റോഡിലും ബാക്കി രണ്ടു സ്ഥലങ്ങള്‍ ഹൈവേയ്ക്ക് സമീപമുള്ള കന്യാഡി പ്രദേശത്തുമാണ്.

അതേസമയം, ധർമസ്ഥലയിലെ ക്ഷേത്രപരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ മൊഴിയിൽ അന്വേഷണസംഘം അന്വേഷണം തുടരുകയാണ്. മണ്ണ് നീക്കിയുള്ള പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. മൊഴിയെടുപ്പിനിടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് എവിടെയെല്ലാമാണ് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി കൃത്യമായ സൂചനകൾ നൽകിയിരുന്നു.

Tags:    
News Summary - Dharmasthala murder series: Complainant is Muslim, Kerala government behind conspiracy; BJP leader alleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.