`അമ്മയെ എടുത്തിട്ട് പോയില്ലെങ്കില്‍ എല്ലാത്തിനെയും ചവിട്ടും'- മകനെ ജാമ്യത്തിലെടുക്കാനെത്തിയ മാതാവിനെതിരെ ധര്‍മ്മടം സി.ഐയുടെ പരാക്രമം

തലശ്ശേരി: അന്യായമായി കസ്റ്റഡിയിലെടുത്ത ബസ് നടത്തിപ്പുകാരനും വിവരമറിഞ്ഞെത്തിയ വയോധികയായ മാതാവിനും ഒപ്പമുള്ളവർക്കുമെതിരെ ധർമടം പൊലീസ് സ്റ്റേഷനിൽ അസഭ്യവർഷവും അക്രമവും. സംഭവവുമായി ബന്ധപ്പെട്ട് ധർമടം സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.വി. സ്മിതേഷിനെ ഉത്തര മേഖല ഐ.ജി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

മമ്പറം കീഴത്തൂരിലെ ബിന്ദു നിവാസിൽ കെ. സുനിൽകുമാറും കുടുംബവുമാണ് അതിക്രമത്തിനിരയായത്. മകനെ കാണാൻ സ്റ്റേഷനിലെത്തിയ മാതാവും സഹോദരങ്ങളും സഞ്ചരിച്ച കാറിന്റെ മുൻഭാഗത്തെ ഗ്ലാസും അടിച്ചുതകർക്കുകയുണ്ടായി. വിഷു ദിവസമായ ശനിയാഴ്ച രാത്രിയാണ് ധർമടം പൊലീസ് സ്റ്റേഷന്റെ മുറ്റത്ത് നാടകീയ സംഭവങ്ങൾ നടന്നത്.

മദ്യപിച്ച് വാഹനമോടിച്ചതിനാണ് ധർമടം ചാത്തോടത്ത് വെച്ച് എസ്.ഐ രാഗേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രി 11.30 ഓടെ മമ്പറം കീഴത്തൂരിലെ ബിന്ദു നിവാസില്‍ കെ. സുനിൽകുമാറിനെ കസ്റ്റഡിയിലെടുത്തതെന്ന് ധർമടം പൊലീസ് പറയുന്നു. എന്നാൽ, എടക്കാട്ടുള്ള ഭാര്യാവീട്ടിൽ നിന്നാണ് സന്ധ്യയോടെ ധർമടം പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് സുനിൽകുമാർ പറഞ്ഞു. എന്താണ് താൻ ചെയ്ത തെറ്റെന്ന ചോദ്യത്തിന് സ്റ്റേഷനിൽ ചെന്നിട്ട് പറയാം എന്നാണത്രേ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

സ്റ്റേഷനിലെത്തിയതോടെ വൈദ്യപരിശോധനക്ക് വിധേയമാക്കാൻ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരിച്ച് സ്റ്റേഷനിലെത്തിച്ചപ്പോൾ അവിടെയെത്തിയ ഇൻസ്പെക്ടർ സ്മിതേഷ് ലാത്തിയുമായി വന്ന് തന്നെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് സുനിൽകുമാർ പറഞ്ഞു. താൻ വിവരമറിയിച്ചതനുസരിച്ച് സ്റ്റേഷനിലെത്തിയ മാതാവ് രോഹിണി (74), സഹോദരി ബിന്ദു (43), മരുമകന്‍ ദര്‍ശന്‍ എന്നിവര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇവരെയും ഇൻസ്പെക്ടർ സ്മിതേഷ് മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നും സുനിൽകുമാർ പരാതിപ്പെട്ടു.

ഇൻസ്പെക്ടറുടെ പരാക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടീഷർട്ടും മുണ്ടും ധരിച്ച ഇൻസ്പെക്ടർ കൈയിൽ ലാത്തിയുമായി ആക്രോശിക്കുന്നതും ഇവരുടെ കൂടെയുള്ള യുവാവിനെ മർദിക്കുന്നതും ദൃശ്യത്തിലുണ്ട്. നിലത്തുവീണ വയോധികയെ എഴുന്നേൽപിക്കാൻ വനിത പൊലീസും ബന്ധുക്കളും ശ്രമിക്കുന്നതും ഇൻസ്പെക്ടർ ഇവർക്കുനേരെ കയർക്കുന്നതും കാണാം. ഇൻസ്പെക്ടറുടെ പരാക്രമങ്ങൾ തടയാൻ ശ്രമിക്കുന്ന വനിത പൊലീസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ദൃശ്യങ്ങളിൽ കാണാം.

മദ്യപിച്ച് വാഹനമോടിച്ചതിനാണ് സുനിൽകുമാറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് ഭാഷ്യമെങ്കിലും ജാമ്യംപോലും രേഖപ്പെടുത്താതെയാണ് രാത്രി വൈകി അദ്ദേഹത്തെ വിട്ടയച്ചത്. വിട്ടയച്ചതിനുശേഷം തലശ്ശേരി എ.എസ്.പി ഓഫിസിലെത്തി സുനിൽകുമാറും കുടുംബവും മൊഴി നൽകിയിരുന്നു. കൂത്തുപറമ്പ് എ.സി.പിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇൻസ്പെക്ടർ സ്മിതേഷ് മദ്യപിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ മാധ്യമങ്ങളോട് പറ‍ഞ്ഞു.

അവധിയിലായിരുന്ന ഇൻസ്പെക്ടർ രാത്രിയാണ് സ്റ്റേഷനിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്പെക്ടറുടെ ആക്രമണം സംബന്ധിച്ച് കുടുംബം തലശ്ശേരി എ.എസ്.പി അരുണ്‍ കെ. പവിത്രന് പരാതി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്ക് തലശ്ശേരി എ.എസ്.പി ഓഫിസിലെത്തിയ സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ അക്രമത്തിനിരയായ സുനിൽകുമാറിൽനിന്ന് മൊഴിയെടുത്തു. ആരോപണ വിധേയനായ ഇൻസ്പെക്ടർ സ്മിതേഷിൽനിന്ന് കമീഷണർ മൊഴിയെടുത്തിട്ടുണ്ട്.

Tags:    
News Summary - Dharmadam CI misbehaved with the mother who came to bail her son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.