ചന്ദ്രൻ
പാലക്കാട്: ലക്ഷങ്ങൾ ശമ്പളക്കുടിശ്ശികയുണ്ടായിരുന്ന മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ ചികിത്സക്ക് നിവൃത്തിയില്ലാതെ മരണത്തിന് കീഴടങ്ങി. പാലക്കാട് പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായിരുന്ന കെ. ചന്ദ്രൻ(57) ആണ് മരിച്ചത്. വൃക്കരോഗിയായിരുന്നു ചന്ദ്രൻ.
ചന്ദ്രന് നാലു ലക്ഷം രൂപയാണ് ശമ്പളക്കുടിശ്ശികയായി ലഭിക്കാനുണ്ടായിരുന്നത്. ചികിത്സക്കും മറ്റും പണമില്ലാതെ വന്നതോടെ ചന്ദ്രൻ ദേവസ്വം ബോർഡ് അധികൃതരെ സമീപിച്ചിരുന്നു. എന്നാൽ അനുകൂലമായ ഒരു നടപടിയും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്.
1996 മുതൽ മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രത്തിൽ ജോലി ചെയ്യുകയാണ് ചന്ദ്രൻ. 2010 മുതൽ 2015 വരെ മൂന്നു ലക്ഷം രൂപയാണ് ചന്ദ്രന് കുടിശ്ശിക ഇനത്തിൽ കിട്ടാനുണ്ടായിരുന്നത്. അതു കൂടാതെ സാങ്കേതിക കാരണങ്ങളാൽ പിടിച്ചു വെച്ച ഒരു ലക്ഷം രൂപ വേറെയുമുണ്ട്. എല്ലാം ചേർത്ത് നാലുലക്ഷം രൂപ വരും.
കഴിഞ്ഞ വർഷം രോഗം മൂർഛിച്ചേതാടെ ചന്ദ്രൻ സ്വയം വിരമിക്കലിന് അപേക്ഷ നൽകി. എന്നാൽ അപേക്ഷ പരിഗണിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
മലബാർ ദേവസ്വം ബോർഡിൽ നിന്ന് ഫണ്ട് ലഭിക്കാത്തത് കൊണ്ടാണ് ശമ്പള കുടിശ്ശിക വന്നതെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്. എന്നാൽ ശമ്പള കുടിശ്ശികയിൽ പങ്കില്ലെന്നും അതിനുള്ള പണം കണ്ടെത്തേണ്ടത് ക്ഷേത്രമാണ് എന്നുമാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. ചട്ടപ്രകാരം വരുമാനമുള്ള അമ്പലങ്ങൾ ജീവനക്കാർക്ക് സ്വയം ശമ്പളം കണ്ടെത്തണമെന്നാണ്. അതിനാൽ ചന്ദ്രനുൾപ്പെടെ ഉള്ള ജീവനക്കാർ ശബളം നൽകേണ്ടത് ക്ഷേത്രമാണെന്നുമാണ് മലബാർ ദേവസ്വം ബോർഡ് പറയുന്നത്. പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രത്തിന് ചട്ടപ്രകാരം സർക്കാർ ഗ്രാന്‍റിന് അർഹതയില്ലെന്നും ദേവസ്വം ബോർഡ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.