പ്രവാസലോകത്തെ ആശങ്ക അവസാനിക്കുന്നില്ല

ദുബൈ: കറന്‍സികള്‍ അസാധുവാക്കിയ ആ രാത്രി പ്രവാസികളിലുയര്‍ന്ന ആശങ്കക്ക് ഇനിയും പരിഹാരമായിട്ടില്ല.  500, 1000 രൂപ കറന്‍സികള്‍ കൈവശമുള്ളവര്‍ അത് എങ്ങനെ മാറണമെന്നോ എവിടെ നിക്ഷേപിക്കണമെന്നോ അറിയാതെ വട്ടംകറങ്ങുകയാണ്. ലക്ഷക്കണക്കിന് പ്രവാസികളിലായി കോടിക്കണക്കിന് രൂപയാണ് അസാധുവാക്കപ്പെട്ടത്.
നിലവിലെ നിയമമനുസരിച്ച് പ്രവാസികള്‍ക്ക് ഇന്ത്യക്ക് പുറത്തുപോകുമ്പോള്‍ 25,000 രൂപ വരെ കൈയില്‍വെക്കാം. നാട്ടില്‍ ചെല്ലുമ്പോള്‍ യാത്ര ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായാണ് ഈ തുക കരുതുന്നത്. എന്നാല്‍, ഡിസംബര്‍ 30നകം നാട്ടില്‍പോകുന്നവര്‍ക്കേ ഇത് സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കാനാകൂ. അടുത്ത മാര്‍ച്ച് 31നകം തിരുവനന്തപുരത്തെയും കൊച്ചിയിലെയും റിസര്‍വ് ബാങ്ക് കൗണ്ടറിലും മാറാം. എന്നാല്‍, വലിയവിഭാഗം പ്രവാസികളും വര്‍ഷത്തിലോ രണ്ടുവര്‍ഷത്തിലോ മാത്രം നാട്ടില്‍പോകുന്നവരാണ്. ഇവിടത്തെ ധനവിനിമയ സ്ഥാപനങ്ങളിലോ ഇന്ത്യന്‍ ബാങ്കുകളിലോ ഈ രൂപ മാറാനുള്ള സൗകര്യം വേണമെന്ന മുറവിളി ആരും കേട്ടമട്ടില്ല. മണി എക്സ്ചേഞ്ചുകളുടെ കൂട്ടായ്മ ഉള്‍പ്പെടെ ഈ പ്രശ്നം ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാറിനും നിവേദനം നല്‍കിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല. നാട്ടില്‍ പോകുന്നവരുടെ കൈവശം കൊടുത്തുവിടുകയാണ് പലരും. ഓതറൈസേഷന്‍ കത്ത് സഹിതം ഇങ്ങനെ കൊടുത്തയച്ചാല്‍ നാട്ടില്‍ ബാങ്കില്‍ നിക്ഷേപിക്കാമെങ്കിലും നാട്ടിലേക്ക് ഒരു പരിധിക്കപ്പുറം രൂപ കൊണ്ടുപോകാനാവില്ളെന്ന നിബന്ധന തടസ്സമാകുന്നു.
തങ്ങളുടെ പക്കലുള്ള ഇന്ത്യന്‍ കറന്‍സിയുടെ വലിയ ശേഖരം എന്തു ചെയ്യണമെന്ന പ്രയാസത്തിലാണ് ധനവിനിമയ സ്ഥാപനങ്ങള്‍. കറന്‍സി അസാധുവാക്കല്‍ കുഴല്‍പണ ഇടപാടുകളെ തളര്‍ത്തിയിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ സമ്മതിക്കുന്നു. ഇവിടെ ഗള്‍ഫ് കറന്‍സി നല്‍കിയാല്‍ നാട്ടില്‍ രൂപയത്തെിക്കുന്നതാണ് നിലച്ചത്. അസാധുവാക്കപ്പെട്ട കറന്‍സി കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ ഹവാലക്കാര്‍ തയാറാണെങ്കിലും അത് മാറ്റിയെടുക്കാന്‍ പ്രയാസമായതിനാല്‍ ഇടപാടുകാര്‍ കുറവാണ്. നാട്ടില്‍ രൂപ നല്‍കിയാല്‍ ഗള്‍ഫ് കറന്‍സി ഇവിടെ ലഭിക്കുന്ന ‘റിവേഴ്സ് ഹവാല’യാണ് അല്‍പമെങ്കിലും നടക്കുന്നത്. അതേസമയം പണമിടപാടുകള്‍ക്കുള്ള ബുദ്ധിമുട്ടോര്‍ത്ത് ഈ സമയം നാട്ടില്‍പോകുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇത് വിമാനടിക്കറ്റ് നിരക്കില്‍ വന്‍ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇടക്കിടെ നാട്ടില്‍പോയിരുന്ന വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്ര പരമാവധി കുറക്കുകയാണ്.
Tags:    
News Summary - demonisation at expatriate world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.