പ്രതിസന്ധി ചിട്ടി സ്ഥാപനങ്ങള്‍ക്കും

തൃശൂര്‍: കള്ളപ്പണ നിക്ഷേപ കേന്ദ്രങ്ങളെന്ന ‘അപവാദം’ വെച്ചുകെട്ടുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നെടുന്തൂണായ സഹകരണ സ്ഥാപനങ്ങളെപ്പോലെ ചില്ലറ സമ്പാദ്യങ്ങള്‍ക്ക് താങ്ങാവുന്ന ചിട്ടി സ്ഥാപനങ്ങളും കടുത്ത പ്രതിസന്ധിയില്‍. നോട്ട് അസാധുവാക്കിയതിന്‍െറ ആഘാതം ചിട്ടി സ്ഥാപനങ്ങളില്‍ രൂക്ഷമാണ്. ഇതില്‍ കുടുംബയോഗങ്ങളുടെ ചിട്ടികള്‍ വരെയുണ്ട്. കല്യാണത്തിനും വീടുപണിക്കും മറ്റും ചെറിയ ആവശ്യങ്ങള്‍ നടത്താന്‍ മിക്കവാറും വീട്ടമ്മമാര്‍ ആശ്രയിക്കുന്ന ചിട്ടികളുടെ നടത്തിപ്പ് നവംബര്‍ എട്ടിനുശേഷം ചെകുത്താനും കടലിനും ഇടയിലാണ്. ചെറുതും വലുതുമായി നാലായിരത്തോളം ചിട്ടി സ്ഥാപനങ്ങളും അതില്‍ 20,000 മുതല്‍ 25,000 വരെ ജീവനക്കാരുമുള്ള തൃശൂരില്‍ ഈ അവസ്ഥ പ്രകടമാണ്.

കേന്ദ്ര സര്‍ക്കാര്‍ പുതിയ ചിട്ടി നിയമം കൊണ്ടുവന്നതോടെ ചിട്ടി തട്ടിപ്പിനുള്ള സാധ്യത വിരളമാവുകയും വിശ്വാസ്യത കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഇടക്ക് ചില ചിട്ടി സ്ഥാപനങ്ങള്‍ ഒന്നാകെ മുങ്ങുന്നതാണ് തട്ടിപ്പായി ഇപ്പോള്‍ പുറത്തുവരുന്നത്. ചിട്ടി സ്ഥാപനങ്ങളില്‍ ഏറ്റവുമധികം ക്രയവിക്രയം നടക്കുന്നത് 500, 1000 രൂപയുടെ നോട്ടാണ്. ചെക്കും ഇ-വാലറ്റുമല്ല, ഇപ്പോഴും പണം തന്നെയാണ് ഇത്തരം സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ഒരു ചിട്ടിയില്‍ മുഴുവന്‍ അംഗങ്ങളെയും ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്ത ശേഷമേ ചിട്ടി തുടങ്ങാനാവൂ. ഓരോ മാസത്തേയും ചിട്ടിപ്പണം കിട്ടിയാല്‍ ലേലം വിളിച്ചോ നറുക്കെടുത്തോ ചിട്ടി നടത്തണം. ചിട്ടി കിട്ടുന്നവര്‍ക്ക് 40 ദിവസത്തിനകം തുക നല്‍കണം. അങ്ങനെ കൊടുക്കണമെങ്കില്‍ ചിട്ടി ചേര്‍ന്നവര്‍ കൃത്യമായി പണമടക്കണം. അതാണ് ഇപ്പോള്‍ നിലച്ചിരിക്കുന്നത്. ഈമാസം 40 ശതമാനത്തില്‍ താഴെ മാത്രമാണ് ചിട്ടികളില്‍ അടവ് വന്നിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

നറുക്കെടുപ്പും ചിട്ടിപ്പണം കൊടുക്കലും മാറ്റിവെക്കാനാവില്ല. അത് ചിട്ടി നിയമത്തിന്‍െറ ലംഘനമാവും. പിഴ ഒടുക്കേണ്ടി വരും. അത്തരം സ്ഥാപനങ്ങളുടെ ചിട്ടി നടത്തിപ്പ് തടയാന്‍ വരെ നിയമത്തില്‍ വ്യവസ്ഥയുണ്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെ ചിട്ടി നറുക്കെടുപ്പ് ഈമാസം സര്‍ക്കാര്‍തന്നെ മാറ്റിവെച്ചു. അത് ചിട്ടി സ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്ന ആവശ്യം സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ട് മാസമെങ്കിലും ഈ അവസ്ഥ തുടരുമെന്നാണ് സ്ഥാപന നടത്തിപ്പുകാര്‍ കരുതുന്നത്. അതിന്‍െറ പ്രത്യാഘാതം ആറ് മാസം വരെ നീളും. രണ്ടു മാസംകൊണ്ടും അവസാനിച്ചില്ളെങ്കിലും നിലനില്‍പ് അവതാളത്തിലാവും. പുതിയ കുറി തുടങ്ങാനാവാത്ത സ്ഥിതി വരും. ചിട്ടിയില്‍ നിക്ഷേപിച്ചവരെയും നോട്ട് അസാധുവാക്കല്‍ ബാധിച്ചിട്ടുണ്ട്.

Tags:    
News Summary - demonisation chit crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.