അസാധുകാലത്തെ ബാങ്ക് ഓഫിസറുടെ ജീവിതം

2016 നവംബര്‍ എട്ട്: ബാങ്കടച്ച് വീട്ടിലത്തെി കുടുംബാംഗങ്ങളോട് കൊച്ചുവര്‍ത്തമാനം പറഞ്ഞും ടെലിവിഷനിലെ ഒമ്പതു മണി ചര്‍ച്ച കണ്ടും ഇരിക്കുമ്പോഴാണ് കെ.പി. ജയമോഹന്‍ (പേര് സാങ്കല്‍പികം) എന്ന ബാങ്ക് ഓഫിസര്‍ക്ക് പ്രത്യേക താല്‍പര്യമുണര്‍ത്തുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ക്രീനില്‍ തെളിഞ്ഞത്. അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും കറന്‍സി നോട്ടുകള്‍ അന്ന് അര്‍ധരാത്രി അസാധുവാകുമെന്നും രണ്ടാം ദിവസം മുതല്‍ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും പഴയത് മാറ്റി പുതിയ രണ്ടായിരത്തിന്‍െറ നോട്ടുകള്‍ വാങ്ങാമെന്നും കേട്ടപ്പോള്‍ അന്ധാളിപ്പായിരുന്നു. പിന്നെ ജയമോഹന്‍െറ മൊബൈല്‍ ഫോണിന് ഒഴിവുണ്ടായില്ല. ബാറ്ററി ലോ ആയപ്പോള്‍ ചാര്‍ജര്‍ കുത്തിയിട്ട് വിളിച്ചു; സഹപ്രവര്‍ത്തകരേ, സംഘടനാ നേതാക്കളേ...
നവംബര്‍ ഒമ്പത്: ബാങ്കുകള്‍ക്ക് ‘ബിസിനസ് ഹോളിഡേ’ പ്രഖ്യാപിക്കപ്പെട്ട ദിവസം. ലീവായിരിക്കുമെന്ന് തലേന്ന് സംശയം പറഞ്ഞ ക്ളര്‍ക്ക് പോലും ജോലിക്ക് എത്തിയിട്ടുണ്ട്. മാനേജര്‍ മുതല്‍ അറ്റന്‍ഡര്‍ വരെയുള്ളവര്‍ കൂടിയിരുന്ന് നോട്ട് അസാധുക്കാര്യം ചര്‍ച്ച ചെയ്തു. ‘ധീരമായ നടപടി’യെന്ന് പറയാന്‍ ഏറെപ്പേരുണ്ടായിരുന്നു. അപ്പോഴും ജയമോഹന്‍െറ ആധി നാളെ എങ്ങനെയായിരിക്കും എന്നായിരുന്നു.
നവംബര്‍ 10: രാവിലെ പതിവിലും നേരത്തേ ബാങ്കിലത്തെുമ്പോള്‍ ചെറിയൊരു ഉത്സവപ്പറമ്പുപോലെയുണ്ട്, ബാങ്കിന്‍െറ പരിസരം. തിരിച്ചറിയല്‍ കാര്‍ഡും അസാധു നോട്ടുമൊക്കെയായി ബാങ്ക് തുറക്കുന്നതും കാത്ത് പുരുഷാരം. പ്രധാന വാതില്‍ തുറന്നപ്പോള്‍തന്നെ അവര്‍ ആരും പറയാതെ വരിനിന്നു. അന്ന് എന്തൊക്കെ ചെയ്തുവെന്ന് ജയമോഹന് ഇപ്പോഴും നിശ്ചയമില്ല. അഞ്ഞൂറും ആയിരവുമൊക്കെ വാങ്ങിവെച്ചു. നീക്കിയിരിപ്പുള്ള നൂറിന്‍െറ നോട്ടുകള്‍ എടുത്തു കൊടുത്തു. തിരിച്ചറിയല്‍ രേഖ ഒത്തുനോക്കി. പല ക്ളര്‍ക്കുമാരും പണം തീര്‍ന്നപ്പോള്‍ അടുത്ത മേശ വലിപ്പില്‍നിന്ന് എടുത്തുകൊടുത്തു. പണം തീര്‍ന്നുകൊണ്ടേയിരുന്നു. പാതിരാത്രി കഴിഞ്ഞ് ഏകദേശ കണക്ക് ഒത്തുനോക്കിയപ്പോള്‍ ജയമോഹന്‍െറ ശാഖയില്‍ 86,500 രൂപ കുറവാണ്. നഷ്ടം എങ്ങനെ നികത്തണം? ഇപ്പോഴും വ്യക്തതയില്ല.
ഇനി നവംബര്‍ 11 മുതലുള്ള ദിവസങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയാനില്ല. അവധിയാകേണ്ട 12, 13 തീയതികള്‍ ഏതോ ഒഴുക്കില്‍പെട്ടെന്നപോലെ ജയമോഹനും സഹപ്രവര്‍ത്തകരും ബാങ്കിനകത്ത് കഴിഞ്ഞുകൂടി. രാവിലെ എത്തിയാല്‍ അര്‍ധരാത്രിയോളം. ഇതിനിടക്ക് വിരലില്‍ മഷി തേക്കാന്‍ നിര്‍ദേശം, 4,500 രൂപയുടെ പുതിയ നോട്ട് കൊടുക്കാന്‍ ഉത്തരവ്, അതിന്‍െറ അടുത്ത ദിവസം രണ്ടായിരം മതിയെന്ന് തിരുത്ത്, എ.ടി.എമ്മില്‍ പണം തീരുന്ന പ്രശ്നം, പുതിയ രണ്ടായിരം തികയാത്ത പ്രശ്നം, നൂറിനും അമ്പതിനുമുള്ള ക്ഷാമം, സ്വന്തം അക്കൗണ്ടില്‍നിന്ന് 24,000 ചോദിച്ചവര്‍ക്ക് 10,000 കൊടുത്ത് വിടേണ്ടിവരുന്ന അവസ്ഥ....ജയമോഹന്‍െറ സമ്മര്‍ദം അയയുന്നില്ല, ഇപ്പോഴും. നവംബര്‍ എട്ടു വരെ ജയമോഹനെപ്പോലൊരു ബാങ്ക് ഓഫിസറുടെ ജീവിതം ഇങ്ങനെയൊന്നും ആയിരുന്നില്ല. എല്ലാം ഒൗപചാരികം. അച്ചടിച്ച ഭാഷയുടെ പൊങ്ങച്ചം. ചിരപരിചിത മുഖങ്ങളുമായി ഇടപാട്. അതില്‍ പലരുമായും വലിയ സൗഹൃദം. അവരോടാണ്, സ്വന്തം അക്കൗണ്ടിലെ പണം ആവശ്യപ്പെട്ടു വന്നപ്പോള്‍ തരില്ളെന്ന് പറയേണ്ടിവന്നത്.
പണം ചോദിച്ചുവരുന്നവര്‍ക്ക് നിയമപ്രകാരം കൊടുക്കേണ്ട പണമില്ളെന്ന് ജയമോഹന്‍ സാക്ഷ്യപ്പെടുത്തുന്നു.  ശമ്പള ദിവസങ്ങളാണ് വരുന്നത്.
എന്താവും അവസ്ഥ? ഈ ആധി അടുത്ത കാലത്തൊന്നും തീരില്ളെന്നും  ഓര്‍ക്കുമ്പോള്‍ സമ്മര്‍ദം ഇരട്ടിക്കുകയാണെന്നും നവംബര്‍ എട്ടിന് രാത്രിക്കുശേഷം കുടുംബാംഗങ്ങളുടെ കാര്യംപോലും വേണ്ടത്ര അന്വേഷിക്കാന്‍ പറ്റിയിട്ടില്ളെന്നും ജയമോഹന്‍ തുറന്നുപറയുന്നു.

 

Tags:    
News Summary - demonisation bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.