കാര്‍ഷിക മേഖലക്ക് വന്‍ നഷ്ടം

കോട്ടയം: നോട്ട് പ്രതിസന്ധിയില്‍ സംസ്ഥാനത്തെ കര്‍ഷകരും ചെറുകിട കച്ചവടക്കാരും കാര്‍ഷിക മേഖലയും കടുത്ത ദുരിതത്തില്‍. കൊടും വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങി കാര്‍ഷികോല്‍പാദനം 50-60 ശതമാനം വരെ കുറഞ്ഞിരിക്കെ നോട്ട് റദ്ദാക്കലിനത്തെുടര്‍ന്നുണ്ടായ പണപ്രതിസന്ധി റബര്‍, ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ ഉല്‍പന്നങ്ങളെ വിപണിയില്‍ ആര്‍ക്കും വേണ്ടതാക്കി. മലയോര മേഖലകളിലെ പ്രധാന കൃഷിയായ ഇഞ്ചി-ചുക്ക്-അടക്ക-ഗ്രാമ്പു-ജാതി-കപ്പ-ഉണക്കുകപ്പ-കൈതച്ചക്ക എന്നിവക്കും ആവശ്യക്കാരില്ലാതായതോടെ മലഞ്ചരക്ക് വിപണിയും തകര്‍ച്ചയുടെ വക്കിലായി. വിലയിടിവും വിളകള്‍ കെട്ടിക്കിടക്കുന്നതും കണക്കാക്കുമ്പോള്‍ 15 ദിവസംകൊണ്ട് മലഞ്ചരക്ക് വിപണിക്കുണ്ടായ നഷ്ടം ഏകദേശം 200-260 കോടിയോളമാണെന്ന് വ്യാപാരികള്‍ പറയുന്നു. ചെറുകിട കര്‍ഷകരില്‍നിന്ന് മാത്രം റബര്‍ മേഖലക്കുണ്ടായ നഷ്ടം 400-500 കോടിവരെയും. നോട്ട് പ്രതിസന്ധി കാര്യമായി ബാധിച്ചത് റബറിനെയാണ്. ഉല്‍പാദനം ഏറ്റവും കൂടുതലുള്ള നവംബറിലും ഡിസംബറിലും ഉണ്ടായ പ്രതിസന്ധി 12 ലക്ഷത്തോളം വരുന്ന ചെറുകിട റബര്‍ കര്‍ഷകരെ വലച്ചപ്പോള്‍ മൂന്നുലക്ഷത്തോളം വരുന്ന റബര്‍ കച്ചവടക്കാരും ദുരിതത്തിലായി.
ടയര്‍ കമ്പനികള്‍ വന്‍കിടക്കാരില്‍നിന്ന് യഥേഷ്ടം റബര്‍ വാങ്ങുമ്പോള്‍ ഇത് ആഭ്യന്തര വിപണിയെ ദുര്‍ബലമാക്കുന്നു. ഇതുമാത്രം 2000 കോടിക്ക് മേലാണ്. നിലവില്‍ റബര്‍ വ്യാപാരം 40 ശതമാനത്തോളം കുറഞ്ഞതായി റബര്‍ വ്യാപാര ഫെഡറേഷന്‍ ഭാരവാഹിയായ പയസ് സഖറിയ പൊട്ടങ്കുളം ‘മാധ്യമ’ത്തോട് പറഞ്ഞു. വരവും ചെലവും പൊരുത്തപ്പെടുത്താനാവാത്ത സ്ഥിയാണിപ്പോള്‍. റബര്‍ വാങ്ങിയാലുടന്‍ കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. വിലയിടിവ് മലയോര മേഖലയില്‍ 40-50 ശതമാനം കര്‍ഷകരെ അര്‍ധ പട്ടിണിയിലാക്കിയതായി ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
റബറും മലഞ്ചരക്കും ആഭ്യന്തര വിപണിയില്‍ ഉണ്ടാക്കിയ കനത്ത നഷ്ടം കേരളത്തിന്‍െറ സര്‍വമേഖലകളെയും തകര്‍ത്തതായി ധനകാര്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. വിലസ്ഥിരത ഫണ്ട് വിതരണം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകരും പ്രതിസന്ധിയിലായി.
കുരുമുളകിനും വില ഇടിഞ്ഞിരിക്കുകയാണ്. 670 രൂപയാണ് നിലവിലെ വില. നേരത്തേ ഇത് 730 വരെയത്തെിയിരുന്നു. കാപ്പിക്കും വില കുറഞ്ഞു. 50 രൂപയില്‍ താഴെയാണ് ഹൈറേഞ്ചിലെ വില. ഏലം ലേലം പുനരാരംഭിച്ചെങ്കിലും പണപ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ലേലം പകുതിയായി.  
സഹകരണ മേഖലയില്‍ കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ കാര്‍ഷിക മേഖലയും മലയോര ജില്ലകളും പൂര്‍ണമായും തകര്‍ന്നതായി കര്‍ഷക സംഘടനകളും പറയുന്നു. 
Tags:    
News Summary - demonisation agricultural sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.