ദുരിത കാലത്തെ അടുക്കള വര്‍ത്തമാനങ്ങള്‍

കോഴിക്കോട്: നവംബര്‍ എട്ടിന് രാത്രി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം രാജ്യത്തെ കോടിക്കണക്കിനാളുകളെപ്പോലെ ഞെട്ടലോടെയാണ് കോഴിക്കോട് കുണ്ടുങ്ങല്‍ അരയന്‍തോപ്പ് അയിഷ നിവാസിലെ ശുക്കൂറിന്‍െറ ഭാര്യ ഉമൈബയും കേട്ടത്. കഴിഞ്ഞദിവസം ഒരു അത്യാവശ്യത്തിന് കടം വാങ്ങിയ പതിനായിരം രൂപ കൈയിലുണ്ട്, പിറ്റേന്ന് ബാങ്കുമില്ല. പെട്ടെന്നെന്തുചെയ്യണമെന്ന് ഒരു രൂപവുമില്ല. ശരിക്ക് ഉറങ്ങാന്‍ പോലും കഴിയാത്ത അന്നത്തെ രാത്രിയെക്കുറിച്ച് ഇന്നും ആശങ്കയോടെയാണ് ഉമൈബ ഓര്‍ക്കുന്നത്. ബാങ്ക് തുറന്നദിവസം തന്നെ മണിക്കൂറുകള്‍ വരിനിന്ന് പണം നിക്ഷേപിച്ചപ്പോഴാണ് സമാധാനമായത്.
വീട്ടിലെ നിത്യചെലവുകളെക്കുറിച്ച് നന്നായറിയുന്ന സ്ത്രീകള്‍തന്നെയാണ് നോട്ട് ദുരിതത്തില്‍ വലഞ്ഞത്. ‘അന്നന്ന് കിട്ടുന്ന പണം കൊണ്ട് അന്നം കഴിക്കുന്ന ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് വേണമായിരുന്നോ പുതിയ പരിഷ്കാരവും പത്രാസുമെന്ന് ഉമൈബയുടെ അയല്‍ക്കാരി  സുബൈദ ചോദിക്കുന്നു. ഇറച്ചിയും മീനും വാങ്ങുന്നത് കുറച്ചു, വാങ്ങണമെങ്കില്‍തന്നെ 200 രൂപക്കും അതിനുമുകളിലും വാങ്ങിയാലേ അഞ്ഞൂറിന് ബാക്കി തന്നിരുന്നുള്ളൂ. ആദ്യ ദിനങ്ങളില്‍ 1000ഒക്കെ കൊടുത്താല്‍ കുറേദിവസത്തേക്ക് മീനും മറ്റും വാങ്ങാനുള്ള സംവിധാനമുണ്ടായിരുന്നു. എന്നാല്‍, കച്ചവടക്കാരെയും പ്രതിസന്ധി ബാധിച്ചപ്പോള്‍ അവരും വിട്ടുവീഴ്ച ചെയ്യാതായി. ഇതുവരെ കടം തന്നിരുന്ന കടക്കാര്‍ ഇപ്പോള്‍ കടം നല്‍കുന്നില്ല. ഇവരുടെ ഭര്‍ത്താവ് കല്യാണവീടുകളിലെ പാചകക്കാരനാണ്. കൂലി വാങ്ങാനില്ലാത്തതുകാരണം മൂന്നാഴ്ചയായി ശരിക്ക് ജോലിക്കുപോയിട്ട്. അയല്‍വാസിയായ റഫീഖിന്‍െറ ഭാര്യ ഷഹറാബാനുവിന് മകള്‍ പ്രസവാനന്തര ശുശ്രൂഷയുള്ളതിനാല്‍ വീട്ടില്‍നിന്ന് ഒരു മിനിറ്റ് പോലും മാറിനില്‍ക്കാന്‍ പറ്റുന്നില്ല. ബാങ്കിലെ നീണ്ട ക്യൂവിന്‍െറ കാര്യം ഓര്‍ത്താല്‍ പോവാനും തോന്നില്ല. അതുകൊണ്ടുതന്നെ കൈയിലുണ്ടായിരുന്ന പണം മാറ്റാനായി മറ്റൊരാളെ ഏല്‍പിച്ചെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല.
ഷാഹുല്‍ മന്‍സിലില്‍ യൂസഫിന്‍െറ ഭാര്യ മാരിയത്തിന് പറയാനുള്ളത് മക്കളുടെ ബേക്കറി കച്ചവടത്തില്‍ കാര്യമായ കുറവ് വന്നതാണ്. പൈസയില്ലാത്തതിനാല്‍ കട പൂട്ടേണ്ടിയിരുന്ന ഘട്ടത്തില്‍ അഞ്ഞൂറൊക്കെ കൊണ്ടുവരുന്ന ഇടപാടുകാരില്‍നിന്ന് അത് വാങ്ങിവെക്കാമെന്നും, പൈസ ബാങ്കില്‍പോയി താന്‍ മാറ്റിക്കോളാമെന്നും പറഞ്ഞത് മാരിയത്ത് തന്നെയാണ്. അങ്ങനെ വീടിനെ ഞെരുക്കിയ പ്രതിസന്ധിയെ തുരത്തിയ ആശ്വാസത്തിലാണ് ഈ വീട്ടമ്മ. കുട്ടിക്ക് പനിയായി മരുന്ന് വാങ്ങാന്‍ പോയി ചില്ലറയില്ലാത്തതിനാല്‍ വിഷമിച്ച സംഭവവും ഇവര്‍ക്ക് പറയാനുണ്ട്.
തൊട്ടടുത്തുള്ള ഇടിയങ്ങര സര്‍വിസ് സഹകരണ ബാങ്കില്‍ നോട്ട് മാറ്റാന്‍ പറ്റാത്തതുമൂലം ഏറെ ബുദ്ധിമുട്ടിയതും ഈ വീട്ടമ്മമാര്‍ ഓര്‍ക്കുന്നു. ടൗണിലെ ബാങ്കുകളില്‍ പോവണമെങ്കില്‍ ഓട്ടോക്ക് പോവണം, അതിനും വേണം ചില്ലറ. എ.ടി.എമ്മില്‍ പോയാലും പണം കിട്ടാനില്ല. ആദ്യദിവസങ്ങളിലൊക്കെ പണം തേടി അഞ്ചും പത്തും എ.ടി.എമ്മില്‍ പോയി മടങ്ങേണ്ടിവന്നതാണ് ജ്യോത്സിന മന്‍സിലില്‍ റജീഷിന്‍െറ ഭാര്യ ജ്യോത്സിനക്ക് പറയാനുള്ളത്. ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവിന് ഓട്ടം കുറഞ്ഞതിനാല്‍ വീട്ടിലെ ദുരിതം കൂടിയെന്ന് അയല്‍വാസിയായ ജമീല പറയുന്നു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ‘മരണവിവരം അറിയിക്കുന്നതുപോലെ’ പെട്ടെന്നെടുത്ത തീരുമാനമായതിനാല്‍ ഏറെ വലഞ്ഞത് തങ്ങളാണെന്ന കാര്യത്തില്‍ ഈ വീട്ടമ്മമാര്‍ക്ക് രണ്ടഭിപ്രായമില്ല.
Tags:    
News Summary - demonetisation effects home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.