കൊച്ചി: സംസ്ഥാന യുവജന കമീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ വിജിലൻസിൽ പരാതി നൽകിയതിനെ തുടർന്ന് തനിക്കെതിരെ വധഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും വ്യക്തമാക്കി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം സമർപ്പിച്ച ഹരജിയിൽ ഹൈകോടതി സർക്കാറിന്റെ വിശദീകരണം തേടി.
ജസ്റ്റിസ് എൻ. നഗരേഷ് ഹരജി ഫെബ്രുവരി 27ന് വീണ്ടും പരിഗണിക്കും. അതുവരെ ഹരജിക്കാരന് മതിയായ പൊലീസ് സംരക്ഷണം നൽകാൻ കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് കോടതി നിർദേശം നൽകി.
ചിന്ത ജെറോം രണ്ടു വർഷത്തോളം കൊല്ലത്തെ റിസോർട്ടിൽ താമസിച്ച സംഭവത്തിൽ ഇവരുടെ വരുമാനത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹരജിക്കാരൻ വിജിലൻസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ റിസോർട്ട് ഉടമ ഫെബ്രുവരി 15ന് വധഭീഷണി മുഴക്കിയെന്നും ഇതിനെതിരെ കൊല്ലം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയെങ്കിലും സംരക്ഷണം നൽകിയില്ലെന്നും ഹരജിയിൽ പറയുന്നു. പിന്നീട് 21ന് റിസോർട്ട് ഉടമയുടെയും ചിന്ത ജെറോമിന്റെയും നിർദേശ പ്രകാരം ഒരു സംഘം തന്നെ ആക്രമിച്ചെന്നും സംഭവത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സ തേടേണ്ടി വന്നെന്നും ഇയാൾ ആരോപിക്കുന്നു. പൊലീസ് കേസെടുത്തെങ്കിലും ഇപ്പോഴും തനിക്കു ഭീഷണിയുണ്ടെന്നാണ് ഹരജിക്കാരന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.